ജമ്മു കശ്മീരില്‍ ബുധനാഴ്ച പുതിയ 34 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം 775 ആയി.

പുതിയ കേസുകളില്‍ 32 എണ്ണം കശ്മീര്‍ ഡിവിഷനിലെ ശ്രീനഗര്‍,ഷോപ്പിയാന്‍ കുപ്‌വാര,കുല്‍ഗാം,അനന്തനാഗ് ജില്ലകളില്‍ നിന്നാണ്. ഈ മേഖലയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 710 എണ്ണവും. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകള്‍ ജമ്മു ജില്ലയില്‍ നിന്നാണ്.

അതേസമയം, രാജ്യത്ത് 30 ബിഎസ്‌എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പുരില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 30 ബിഎസ്‌എഫ് ജവാന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ നേരത്തെ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഡല്‍ഹിയില്‍ കൂടുതല്‍ ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.