തിരുവനന്തപുരം: ജലദോഷപനി ഉള്ളവരിലും വരും ദിവസങ്ങളില്‍ കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ജലദോഷപനി ബാധിച്ചവരിലും കാണുന്നതിനാലാണ് ഇത്. ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദേശപ്രകാരമാണ് ജലദോഷപനി ബാധിച്ചവരില്‍ കോവിഡ് പരിശോധന നടത്തുന്നത്.
ഐസിഎംആറിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുതന്നെയാണ് സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നതെന്നും പരിശോധനാകിറ്റുകളുടെ ലഭ്യതക്കുറവു മൂലമാണ് ആന്റീ ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് സംസ്ഥാനത്ത് നല്ല രീതിയില്‍ നടത്തുന്നുണ്ടെന്നും ഇതുവഴിയാണ് സമൂഹവ്യാപനം ഇല്ലെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് പുതുതായി 84 പേര്‍ക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേര്‍ ഒഴികെ മറ്റെല്ലാവരും പുറത്ത് നിന്ന് എത്തിയവരാണ്. 31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 48 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്നു പേരുടെ പരിശോധനാഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.