തിരുവനന്തപുരം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുഗതാഗതം ഉപാധികളോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലയ്‌ക്കകത്ത് ബസ് സര്‍വീസ് നടത്താം. ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. അതേസമയം, സാര്‍വത്രികമായ പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കര്‍ശനമായ നിബന്ധനകളോടെ മാത്രമേ ബസ് സര്‍വീസ് പുനരാരംഭിക്കൂ.
യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തും
ഒരു ബസില്‍ പരമാവധി 24 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാരുടെ എണ്ണം കുറയ്‌ക്കുന്നത്. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തീവ്രബാധിത മേഖലകള്‍ ഒഴിവാക്കിയായിരിക്കും ബസ് സര്‍വീസ് അനുവദിക്കുക. ബസ് ചാര്‍ജ് വര്‍ധിപ്പിക്കും. എന്നാല്‍, ഇരട്ടിയാക്കില്ല. ടാക്‌സി നിരക്ക് വര്‍ധിപ്പിക്കില്ല. ചാര്‍ജ് പരിഷ്‌കരണം എങ്ങനെയായിരിക്കുമെന്ന് പിന്നീട് തീരുമാനിക്കും. ബസ് ഉടമകള്‍ക്ക് നികുതി ഇളവ് ഉള്‍പ്പടെ മറ്റ് ആനുകൂല്യങ്ങളും നല്‍കിയേക്കും.
ഓട്ടോറിക്ഷയ്‌ക്കും അനുമതി
ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനും അനുമതി നല്‍കും. ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനാകും അനുമതി. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാണ്. എന്നാല്‍ നടപടിക്രമങ്ങളില്‍ ഇളവ് ഉണ്ടായേക്കും. ഓട്ടോറിക്ഷയിലും മാസ്‌ക് നിര്‍ബന്ധമാക്കും.
മദ്യവില്‍പ്പന പുനരാരംഭിക്കുന്നു
സംസ്ഥാനത്ത് മദ്യ വില്‍പ്പന ബുധനാഴ്ച മുതല്‍ തുടങ്ങാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. 265 ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും 35 കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളും ബാറുകളിലെ കൗണ്ടറുകള്‍ വഴിയും വില്‍പന നടത്തും. ബാറുകളില്‍നിന്നും പഴ്സലായി മദ്യം വാങ്ങാം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒന്നര മാസത്തെ അടച്ചു പൂട്ടലിനു ശേഷമാണ് സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ തുറക്കുന്നത്.
ഓണ്‍ലൈന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തിയായിരിക്കും മദ്യവില്‍പ്പന നടത്തുക. ഇതിനായാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈനില്‍ മദ്യത്തിനായി ബുക്കിങ് നടത്താം. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ടോക്കണില്‍ മദ്യത്തിനായി വരി നില്‍ക്കേണ്ട സമയമടക്കം ഉണ്ടാകും. ഓരോരുത്തര്‍ക്കും ലഭിക്കുന്ന സമയത്ത് മാത്രം മദ്യം വാങ്ങാന്‍ എത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ സജ്ജീകരിക്കും. ഒരേസമയം, വരിയില്‍ അഞ്ച് പേരില്‍ കൂടുതല്‍ എത്താത്ത രീതിയിലായിരിക്കും ക്രമീകരണം. മദ്യം പാഴ്സലായി വാങ്ങിക്കാനുളള വെര്‍ച്വല്‍ ക്യൂവിന്റെ ആപ് റെഡിയായിട്ടുണ്ട്. കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ് സ്ഥാപനമാണ് ആപ് നിര്‍മ്മിച്ചത്. നാളെ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോഴുളള ധാരണ. ട്രയല്‍ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തും.