നിത്യവൃത്തിക്കായി ജോലി തേടി മുംബൈയിലെത്തിയ യുവാവിന്റെ കുടുസ്സുമുറിയിലെ താമസം സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. അഞ്ഞൂറ് രൂപയാണ് മുറിയുടെ വാടകയെന്ന് തന്റെ ‘ഹോം ടൂർ’ വീഡിയോയിൽ പ്രഞ്ജോയ് ബോർഗോയാറി എന്ന യുവാവ് വ്യക്തമാക്കുന്നുണ്ട്. ഫുഡ് ഡെലിവറി കമ്പനിയിൽ ഡ്രൈവറായാണ് പ്രഞ്ജോയ് പ്രവർത്തിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെവിടെയോ നിന്നാണ് പ്രഞ്ജോയ് മുംബൈയിലെത്തിയതെന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. ഗായകനും സ്റ്റേറ്റ് ലെവൽ ഫുട്ബോൾ കളിക്കാരനും കൂടിയാണെങ്കിലും ജീവിതപ്രാരാബ്ധം പ്രഞ്ജോയെ നിലവിൽ മുംബൈയിലെ കുടുസ്സുമുറിയിൽ തളച്ചിട്ടിരിക്കുകയാണ്.

മറ്റൊരാളോടൊപ്പമാണ് പ്രഞ്ജോയ് മുറി പങ്കിടുന്നത്. തീർത്തും ഇടുങ്ങിയ ഒരിടവഴിയൂടെയാണ് താമസിക്കുന്ന മുറിയിലേക്കെത്തേണ്ടതെന്ന് യുവാവ് വീഡിയോയിൽ വിശദമാക്കുന്നുണ്ട്. ആ വഴിയിലൂടെ ഞെങ്ങിഞെരുങ്ങിയാണ് കടന്നുപോകേണ്ടത്. ആ നടപ്പ് തികച്ചും ശ്വാസംമുട്ടിക്കുന്നതാണെന്ന് പ്രഞ്ജോയ് പറയുന്നുണ്ട്. 

തെരുവിന്റെ ഒരറ്റത്തെത്തുമ്പോൾ മുകളിലേക്കുള്ള വീതി കുറഞ്ഞ ഇരുമ്പുകോവണി കാണാം. അതിലൂടെ കയറി ചെറിയ ഒരു മുറിയിലെത്താം. കറ പിടിച്ച ചുമരുകളും മുറി നിറയെ തലങ്ങും വിലങ്ങുമുള്ള അയകളിൽ തൂക്കിയിട്ട വസ്ത്രങ്ങളും വീഡിയോയിൽ കാണാം. മുറിയുടെ ഓരത്ത് ഒരു പൂച്ചക്കുട്ടിയും സുഖവാസത്തിനുണ്ട്. ഷീറ്റിട്ട മേൽക്കൂരയാണ് മുറിയ്ക്ക്. ആകെയുള്ള ആശ്വാസം ഒരു സീലിങ് ഫാനാണ്. അമ്പത് രൂപയാണ് ബിരിയാണിക്കെന്നും അതാണ് ഭക്ഷണമെന്നും അതുകഴിച്ചുകൊണ്ട് പ്രഞ്ജോയ് പറയുന്നു. താനൊരു രോഗിയായിരുന്നുവെന്നും തന്റെ ചികിത്സക്കായി ധാരാളം പണം വീട്ടുകാർക്ക് ചെലവായെന്നും അതിനാലാണ് തൊഴിൽ തേടി താൻ മുംബൈയിലെത്തിയതെന്നും കൂടി ഈ യുവാവ് കൂട്ടിച്ചേർക്കുന്നുണ്ട്.

40 ലക്ഷത്തിലധികം വ്യൂസ് ഇതിനോടകം ഇൻസ്റ്റഗ്രാമിൽ വീഡിയോ നേടിക്കഴിഞ്ഞു. നിരവധി പേർ പ്രഞ്ജോയെ അഭിനന്ദിച്ച് കമന്റ് ചെയ്തു. ഇപ്പോൾ അനുഭവിക്കുന്ന വിഷമതകൾക്ക് പകരമായി കൂടുതൽ ഉയരങ്ങളിലേക്കെത്തുമെന്ന് ആശ്വസിപ്പിച്ചവരും നിരവധിയാണ്. പ്രഞ്ജോയുടെ വീഡിയോ കണ്ട് അടുത്ത മൂന്ന് മാസത്തെ വാടകയായ 1500 രൂപ എക്സ് ഉപയോക്താവായ ഖുഷി അയച്ചുകൊടുക്കുകയും ചെയ്തു. 

പ്രഞ്ജോയ് ഒരിക്കലും സഹായം അഭ്യർഥിച്ചിരുന്നില്ലെന്നും താൻ സ്വയം ആ സഹായം നൽകാനൊരുങ്ങിയതാണെന്നും ഖുഷി വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ ചേരിയിൽ നിന്നുള്ള വീഡിയോ തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും പ്രഞ്ജോയ് മുംബൈയിലേക്ക് വന്നതിന് പിന്നിൽ ഗായകനാകണമെന്നുള്ള ആഗ്രഹം കൂടിയുള്ളതിനെ താൻ അഭിനന്ദിക്കുന്നുവെന്നും ആ സ്വപ്നം യാഥാർഥ്യമാകട്ടെയെന്നും ഖുഷി പ്രതികരിച്ചു

https://www.instagram.com/reel/C9e2XrDNpaY/?igsh=cHNjMGo0ZzJsbTU3