തിരുവനന്തപുരം:ജോസ് കെ മാണി പക്ഷത്തിന്റെ കാര്യത്തില്‍ എല്‍.ഡി.എഫ് നിലപാടെടുക്കാന്‍ സമയമായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഒരു വാര്‍ത്താ ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.”പുറത്താക്കിയെന്നല്ല യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. യു.ഡി.എഫില്‍ നില്ക്കാന് അവകാശമില്ലെന്നാണ് . ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യു.ഡി.എഫിന്റേത്. കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞുവരട്ടെ”- കോടിയേരി പറഞ്ഞു.
നേരത്തേ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു. ”യു.ഡി.എഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരള കോണ്‍ഗ്രസിന്റെ പുറത്തോട്ടുള്ള പോക്ക്. യു.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവന നടത്തിയെന്നല്ലാതെ മറ്റാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആ പ്രസ്താവനക്ക് അപ്പുറം ഇപ്പോള്‍ ഇടതുമുന്നണിക്ക് മുന്നില്‍ ഒന്നുമില്ല. യു.ഡി.എഫിലെ മറ്റ് നേതാക്കളുടെ പ്രതികരണം വന്ന ശേഷം പരിശോധിച്ച് എല്‍.ഡി.എഫ് നടപടി സ്വീകരിക്കും. വാതില്‍ അടയ്ക്കാനോ തുറക്കാറോ ആയിട്ടില്ല” എന്നായിരുന്നു വിജയരാഘവന് പറഞ്ഞത്.
അതേസമയം പുറത്താക്കിയ തീരുമാനത്തോട് വളരെ വൈകാരികമായാണ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന് പ്രതികരിച്ചത്. ” ഒരിക്കലും മുന്നണി മര്യാദ വിട്ട് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം പെരുമാറിയിട്ടില്ല. ഊണ് കഴിക്കാന്‍ പോകുമ്ബോള്‍ ചെകിട്ടത്തടി കിട്ടിയാല്‍ അത് എന്തിനെന്ന് ആലോചിച്ചിട്ടല്ലേ ഇനിയെന്തെന്ന് ആലോചിക്കാന്‍ പറ്റൂ. തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കുന്ന കോടതിയുണ്ടോ എവിടെയേലും? മുന്നണി മര്യാദ ഇത് വരെ ഞങ്ങള്‍ പാലിച്ചു. പകച്ച് പോയി ഞങ്ങള്‍. വിറയൊന്ന് മാറിക്കോട്ടെ.ഇത്തരമൊരു നീക്കം യു.ഡി.എഫില്‍ നിന്ന് പ്രതീക്ഷിച്ചില്ല. ഇടത് മുന്നണി സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനത്തില്‍ പ്രതിഷേധിക്കാന്‍ യു.ഡി.എഫിനൊപ്പം പോയവരാണ് ജോസ് പക്ഷം. അതേസമയം, പിണറായി വിജയനെ പുകഴ്ത്താന്‍ പോയ ആളാണ് മറുപക്ഷത്തുള്ളത്. ഇപ്പോള്‍ ഞങ്ങളെ പുറത്താക്കിയത് എന്തിനാണ് എന്ന് മനസിലാകുന്നില്ലെന്നും റോഷി അഗസ്റ്റിന് പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് ജോസ് കെ മാണി പക്ഷത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ജോസഫ് വിഭാഗവുമായി നേരത്തേയുണ്ടായിരുന്ന ധാരണ പാലിക്കണമെന്ന യു.ഡി.എഫ് നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്നാണ് യു.ഡി.എഫ് കടുത്ത നിലപാടിലേക്ക് കടന്നത്.