ലണ്ടന്‍: യുകെയില്‍ കൊവിഡ് അതിരൂക്ഷമായ പ്രതിസന്ധി തീര്‍ക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ സഹായം ആവശ്യപ്പെട്ടിരുന്ന ഡോക്ടര്‍ ഒടുവില്‍ കൊവിഡിന് കീഴടങ്ങി. ആവശ്യത്തിന് സുരക്ഷാവസ്ത്രങ്ങള്‍ ഇല്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡിനെ നേരിടുന്നത് ദുഷ്‌കരമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ അറിയിച്ച ഡോക്ടറാണ് ഇപ്പോള്‍ അതേ രോഗം ബാധിച്ച് മരിച്ചത്.
ബംഗ്ലാദേശ് വംശജനും റോംഫോര്‍ഡിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ യൂറോളജിസ്റ്റുമായ അബ്ദുള്‍ മബുദ് ചൗധരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇദ്ദേഹം എന്‍എച്ച്‌എസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ചൗധരി. 15 ദിവസത്തോളം കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കിടന്നതിന് ശേഷമാണ് ചൗധരി മരണത്തിന് കീഴടങ്ങിയത്. 53 വയസായിരുന്നു.
മാര്‍ച്ച് 18നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ വസ്ത്രങ്ങള്‍ ലഭ്യമാരക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനോടുള്ള അഭ്യര്‍ത്ഥന ഫേസ്ബുക്കില്‍ ചൗധരി പോസ്റ്റ് ചെയ്തത്. ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്നവരാണ്. പക്ഷെ ഞങ്ങളും മനുഷ്യരാണ്. മറ്റുള്ളവരേപ്പോലെ രോഗങ്ങളില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രോഗത്തില്‍നിന്ന് ഞങ്ങളേയും കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഓരോ എന്‍എച്ച്‌എസ് പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സുരക്ഷാ വസ്ത്രങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ബോറിസ് ജോണ്‍സണിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പിപിഇ കിറ്റും മാസ്‌കും കണ്ണടകളും അടക്കമുള്ള അവശ്യസുരക്ഷാ ഉപകരണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമല്ലെന്ന പരാതികള്‍ക്കിടെയാണ് ഡോക്ടര്‍ ചൗധരിയുടെ മരണം സംഭവിച്ചിരിക്കുന്നത്.