തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായം നല്‍കി തെന്നിന്ത്യന്‍താരം അല്ലു അര്‍ജുന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊവിഡ് ദുരിതം നേരിടുന്ന മൂന്നു സംസ്ഥാനങ്ങള്‍ക്കാണ് താരം സഹായവുമായി എത്തിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് അന്‍പത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയുമാണ് സാമ്ബത്തിക സഹായമായി അല്ലു അര്‍ജുന്‍ നല്‍കിയത്.

മുന്‍പ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജുന്‍ എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരികരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍ 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗം സ്ഥിരീകരിച്ച നാല് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.