മുംബൈ: കൈക്കൂലി നല്‍കാന്‍ തയ്യാറാവാതിരുന്നതു കൊണ്ടു മാത്രം കരിയറിന്റെ തുടക്കകാലത്തു തനിക്കു ടീമില്‍ സ്ഥാനം നഷ്ടമായിട്ടുണ്ടെന്നു വെളിപ്പടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. യഥാര്‍ഥ ജീവിതത്തില്‍ അച്ഛനാണ് തന്റെ സൂപ്പര്‍ ഹീറോയെന്നും അദ്ദേഹം കൈക്കൂലി നല്‍കാതിരുന്നതിനാല്‍ തനിക്കു സെലക്ഷന്‍ ലഭിച്ചില്ലെന്നും കോലി പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് കായികരംഗത്തെ അഴിമതിയെക്കുറിച്ച്‌ കോലി തുറന്നടിച്ചത്.

തന്റെ സ്വന്തം സംസ്ഥാനമായ ദില്ലിയില്‍ ചിലപ്പോള്‍ ശരിയല്ലാത്ത കാര്യങ്ങളും നടക്കാറുണ്ട്. ടീം സെലക്ഷന്റെ കാര്യത്തില്‍ നിയമപരമായി മാത്രം കാര്യങ്ങള്‍ നടക്കില്ലെന്നു ഒരു സന്ദര്‍ഭം തനിക്കു മനസ്സിലാക്കിത്തന്നിരുന്നു. ടീമിലേക്കു സെലക്ഷന്‍ ലഭിക്കാന്‍ അന്നു തനിക്കു അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ ‘കുറച്ചല്‍പ്പം’ കൂടിയുണ്ടെങ്കില്‍ മാത്രം ടീമില്‍ സ്ഥാനം ലഭിക്കുമെന്നായിരുന്നു അയാള്‍ അച്ഛനോടു പറഞ്ഞത്. പക്ഷെ, അയാള്‍ ഉദ്ധേശിച്ച കുറച്ചധികമെന്ന ആവശ്യം മനസ്സിലാക്കാന്‍ അച്ഛനായില്ല. പ്രശസ്തനായ വക്കീലായി മാറുന്നതിനു ജീവിതം മുഴുവന്‍ കഠിനാധ്വാനം ചെയ്ത സത്യസന്ധനായ മിഡില്‍ ക്ലാസ് വ്യക്തിയായിരുന്നു അദ്ദേഹം. നിങ്ങള്‍ക്കു വിരാടിനെ ടീമിലെടുക്കണമെങ്കില്‍ അത് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം. അധികമായി ഒന്നും തന്നെ നല്‍കില്ലെന്നു അച്ഛന്‍ അയാളുടെ മുഖത്തു നോക്കി പറഞ്ഞതായും കോലി വിശദമാക്കി.

അന്നു തനിക്കു ടീമില്‍ സെലക്ഷന്‍ ലഭിച്ചില്ല. അന്നൊരുപാട് കരഞ്ഞു, ഹൃദയം തകര്‍ന്നു പോവുകയും ചെയ്തു. എന്നാല്‍ അന്നത്തെ സംഭവം തനിക്കൊരു പാഠം പഠിപ്പിച്ചു തന്നു. അസാധാരണമായി പെര്‍ഫോം ചെയ്താല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂയെന്നു അന്നു ബോധ്യമായി. സ്വന്തം പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മാത്രമേ തനിക്കു ഇതിനു സാധിക്കുകയുള്ളൂവെന്നും മനസ്സിലായി. അച്ഛന്‍ ശരിയായ പാതയാണ് അന്നു കാണിച്ചുതന്നത്. അത് വാക്കുകളിലൂടെയായിരുന്നില്ല, മറിച്ച്‌ പ്രവര്‍ത്തിയിലൂടെയായിരുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.

അച്ഛന്റെ മരണത്തിനു ശേഷം ക്രിക്കറ്റെന്ന സ്വപ്‌നത്തിലെത്താന്‍ തനിക്കു കൂടുതല്‍ പ്രചോദനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നാണ് കോലി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. നിലവില്‍ ഐസിസിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ നമ്ബര്‍ വണ്‍ സ്ഥാനത്താണ് കോലി. ടെസ്റ്റില്‍ രണ്ടാം റാങ്കിലും അദ്ദേഹമുണ്ട്.