ന്യൂയോര്‍ക്ക്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപു ഡോണൾഡ് ട്രംപിന് കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത് കോവിഡ്-19നെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കാരണം നവംബർ 3 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ചൂടുപിടിച്ച സംവാദത്തിനിടക്കാണ് ട്രംപിന് കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനില്‍ പോകേണ്ടി വന്നിരിക്കുന്നത്. ട്രംപിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് ഹോപ് ഹിക്സിനെ കൊറോണ ബാധിച്ചതിനെ തുടർന്നാണ് ട്രംപും മെലാനിയ ട്രംപും പരിശോധന നടത്തിയത്. അതിൽ അവരുടെ ഫലങ്ങൾ പോസിറ്റീവ് ആയി. ഇപ്പോൾ ഇരുവരും അടുത്ത 14 ദിവസത്തേക്ക് ക്വാറന്റീനിലായി. അതുകഴിഞ്ഞ് അവരെ വീണ്ടും കോവിഡ്-19 പരിശോധന നടത്തണം.
വെള്ളിയാഴ്ച രാവിലെ ട്രംപ് തന്നെയാണ് തനിക്കും പ്രഥമ വനിത മെലാനിയയ്ക്കും കോവിഡ് പോസിറ്റീവ് ആണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. ഉടൻ തന്നെ അതില്‍ നിന്നു കരകയറുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഹോപ് ഹിക്സ് ഡോണൾഡ് ട്രംപിനൊപ്പം പതിവായി യാത്രചെയ്യുന്ന ഉപദേഷ്ടാവാണ്. അടുത്തിടെ അവര്‍ മറ്റ് മുതിർന്ന സഹപ്രവർത്തകരുമായി പ്രസിഡന്റിന്റെ സംവാദത്തിനായി ഒഹായോയിലെ ക്ലീവ്ലാൻഡിലേക്ക് പോയിരുന്നു. അവിടെ ട്രംപും ജോ ബൈഡനും തമ്മിൽ കോവിഡിനെക്കുറിച്ച് വാഗ്വാദം നടത്തിയിരുന്നു. മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് ട്രംപ് ഇതുവരെ ബൈഡനെ പരിഹസിക്കുകയായിരുന്നു. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ മൂർച്ച കൂട്ടാൻ ബൈഡന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
നവംബർ 3 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപും ബൈഡനും മൂന്ന് തവണ സംവദിക്കും. സെപ്റ്റംബർ 29 നായിരുന്നു ആദ്യത്തെ സംവാദം. രണ്ടാമത്തെ സംവാദം ഒക്ടോബർ 15 നും മൂന്നാമത്തേത് ഒക്ടോബർ 20 നും നടക്കും. ഒക്ടോബർ 15 നകം ഡൊണാൾഡ് ട്രംപ് പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാംപിനെ തീർച്ചയായും ബാധിക്കുമെന്ന കാര്യം വ്യക്തമാണ്.
കൂടാതെ, യുഎസിലെ കൊറോണ വൈറസ് കൈകാര്യം ചെയ്ത രീതിയെച്ചൊല്ലി ട്രംപ് ഭരണകൂടം ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആക്രമണം നേരിടുകയാണ്. കോവിഡ്-19 പ്രശ്നത്തില്‍ ട്രംപ് ഇടപെട്ട രീതി ജോ ബൈഡൻ ഉൾപ്പെടെ നിരവധി ആളുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആദ്യ സംവാദത്തില്‍ ജോ ബൈഡൻ കോവിഡിന്റെ പേരില്‍ കടന്നാക്രമിച്ചിരുന്നു. സംവാദത്തിനിടെ മാസ്ക് ധരിച്ചതിന് ജോ ബൈഡനെ ട്രംപ് പരിഹസിച്ചു. ‘ഞാൻ എല്ലായ്പ്പോഴും അദ്ദേഹത്തെപ്പോലെ മാസ്ക് ധരിക്കില്ലെന്ന് പറഞ്ഞാണ് ട്രംപ് ബിഡനെ കളിയാക്കിയത്. 200 അടി അകലെ നിന്നിട്ടും ബൈഡൻ ഇപ്പോഴും വലിയ മാസ്ക് ധരിച്ച് വരുന്നുവെന്നും ട്രംപ് പരിഹാസരൂപത്തില്‍ പറഞ്ഞു.
ഇതിനു മറുപടിയായി, സിഡിസി മേധാവിയെ ഉദ്ധരിച്ച് ജോ ബൈഡൻ പറഞ്ഞത് എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നുവെങ്കിൽ രണ്ടു ലക്ഷം പേരുടെയെങ്കിലും ജീവന് രക്ഷിക്കാമായിരുന്നു എന്നാണ്. സെപ്റ്റംബർ തുടക്കത്തിൽ ജോ ബൈഡനെക്കുറിച്ച് ട്രംപ് പറഞ്ഞത്, "നിങ്ങളെപ്പോലെ മാസ്ക് ഇഷ്ടപ്പെടുന്ന ഒരാളെ ആരും കണ്ടുകാണുകയില്ല. ഞാൻ ഒരു സൈക്യാട്രിസ്റ്റായിരുന്നുവെങ്കിൽ, ഈ വ്യക്തിക്ക് ഒരു വലിയ മാനസിക പ്രശ്നമുണ്ടെന്ന് തീർച്ചയായും പറയുമായിരുന്നു."
കൊറോണ വൈറസ് എന്ന ആഗോള പകർച്ചവ്യാധിയെ നേരിടാൻ ട്രംപിന് പദ്ധതികളൊന്നുമില്ലെന്ന് ബൈഡൻ ആരോപിച്ചു. നിലവിൽ, ലോകമെമ്പാടുമുള്ള വൈറസ് കേസുകളിലും മരണങ്ങളിലും അമേരിക്ക ഒന്നാം സ്ഥാനത്താണ്.