ന്യൂയോര്‍ക്ക്: കോവിഡ്-19 അതിന്റെ തീവ്രതയില്‍ത്തന്നെ തുടരുന്നതിനിടയിലും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാകുമെന്നു സൂചന.
പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കയില്‍ ഫെഡറല്‍ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ അവസാനിച്ചതായി ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍, ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ അനുസരിച്ച് അവിടത്തെ ഗവര്‍ണര്‍മാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും. ദേശീയ തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഇനി നീട്ടില്ലെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഒന്നര മാസമായി വൈറ്റ് ഹൗസില്‍ മാത്രം കഴിഞ്ഞിരുന്ന പ്രസിഡന്റ് ട്രംപ് അടുത്ത ആഴ്ച മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇറങ്ങുകയാണ്. അമേരിക്കയില്‍ ഈ വര്‍ഷം നവംബര്‍ മൂന്നാം തീയതിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ട്രംപിനു വീഴ്ച പറ്റിയെന്നും അദ്ദേഹത്തിന്റെ ജനപ്രീതി താഴെപ്പോയെന്നും മറ്റും ചില സര്‍വേകള്‍ ഉണ്ടായിരുന്നു.
ഇതിനിടയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തി സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കാന്‍ ധൃതി കൂട്ടുന്നതിനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗച്ചി വിമര്‍ശിച്ചു. ഇപ്പോഴത്തെ ധൃതികൂട്ടല്‍ കോവിഡിനെ പെട്ടെന്നുതന്നെ തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്കി.
അമേരിക്കയില്‍ കൊറോണ വൈറസിന്റെ ഒഴിവാക്കാനാവാത്ത ഒരു രണ്ടാം വരവ് ഉണ്ടാകാമെന്നു ഡോ. ഫൗച്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍, അത് എത്ര മാത്രം തീവ്രമായിരിക്കുമെന്ന് ഇപ്പോള്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ അലംഭാവം കാട്ടിയാല്‍ ഈ വര്‍ഷാവസാനം അമേരിക്കയ്ക്ക് അത്ര ശുഭകരമായിരിക്കില്ലെന്നും ഡോ. ഫൗച്ചി മുന്നറിയിപ്പു നല്‍കിയിരുന്നു.
- ഷോളി കുന്പിളുവേലി