പൂനെ; അടുത്തിടെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ ഉറങ്ങുന്നതിനിടെ ട്രെയിനിടിച്ച് കുടിയേറ്റ തൊഴിലാളികള്‍ മരണപ്പെട്ടത് വലിയ വേദനയായിരുന്നു, ഇപ്പോഴിതാ സമാനമായ ഒരപകടം ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ഒഴിവായി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
എന്നാല്‍ പുനെയില്‍ വെള്ളിയാഴ്ച രാത്രിയാണ് ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപെടല്‍ മൂലം 20 ഓളം കുടിയേറ്റ തൊഴിലാളികള്‍ക്ക് ജീവന് തിരികെ ലഭിച്ചത്, റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്ന തൊഴിലാളികളുടെ ജീവനാണ് ലോക്കോ പൈലറ്റ് അവസരോചിത ഇടപെടലിലൂടെ രക്ഷിച്ചെടുത്തത്, വന്‍ ദുരന്തമാണ് ഒഴിവായത്.
കൃത്യമായി സംഭവത്തെ കുറിച്ച് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ- ഉരുളിക്കും ലോണിക്കും ഇടയിലുള്ള പാതയിലൂടെ നടക്കുകയായിരുന്നു കുടിയേറ്റ തൊഴിലാളികള്‍, എന്നാല്‍ അതിനിടെ എതിര് വശത്ത് നിന്ന് ചരക്ക് ട്രെയിന്‍ പാഞ്ഞു വരികയായിരുന്നു. ഏകദേശം രാത്രി ഏഴ് മണിയായിരുന്നു അപ്പോള്‍, റെയില്‍വേ ട്രാക്കിലൂടെ ചിലര്‍ നടക്കുന്നത് സോളാപുര്‍ ഡിവിഷനില്‍ നിന്നുള്ള ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു, വലിയ ലഗേജുമായി നടക്കുകയായിരുന്നു അവര്‍, ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പിടിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് 100 മീറ്റര്‍ മാത്രം അകലെ വന്നു ട്രെയിന്‍ നിന്നുവെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപെടലിലൂടെയാണ് വന്‍ ദുരന്തം ഒഴിവായതെന്നും അധികൃതര്‍ വ്യക്തമാക്കി.