എറണാകുളത്ത് ട്രാൻസ്ജെൻഡറെ ആക്രമിച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. വടക്കൻ പറവൂർ സ്വദേശി മിഥുൻ കൃഷ്ണയാണ് അറസ്റ്റിലായത്. ആക്രമണത്തിനിരയായ ട്രാൻസ്ജെൻഡർ യുവതി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
എറണാകുളം വൈറ്റില സ്വദേശികളായ സാന്ദ്ര, അനുപമ, അനിരുധ്യ, ആവണി എന്നിവർക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കൻ പറവൂർ സ്വദേശി മിഥുൻ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം നോർത്ത് എസ് ഐഅനസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
രാത്രി കലൂരിൽ വണ്ടി കാത്ത് നിന്ന ട്രാൻസ്ജെൻഡറുകളെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. സ്ഥിരമായി ഇവർ ആക്രമിക്കാറുണ്ടെന്ന് യുവതികൾ പറയുന്നു. സംഭവത്തിൽ എറണാകുളം കസബ പൊലീസ് സ്റ്റേഷനിൽ യുവതികൾ പരാതി നൽകിയിരുന്നു. എന്നാൽ, കേസെടുക്കാൻ വൈകിയതിനെ തുടർന്ന് പരാതിക്കാരിയായ ആവണി സ്റ്റേഷന് മുന്നിലുള്ള മരത്തിന് മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ഒടുവിൽ ഫയർ ഫോഴ്സ് എത്തിയാണ് ഇവരെ താഴെയിറക്കിയത്. രണ്ടാഴ്ച മുൻപ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും ട്രാൻസ്ജെൻഡർ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.