ടൊറന്റോ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ധനവിനിയോഗ സ്ഥാപനമായ വേൾഡ് ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ [WFG] വൈസ് ചെയർമാനായി മലയാളിയായ ജോമോൻ മാത്യു നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ കൂടിയാണ് ഇപ്പോള്‍ കാനഡയില്‍ സ്ഥിരതാമസക്കാരനായ ജോമോന് മാത്യു.
ലോകത്തിലെ ഏറ്റവും സ്ഥിരതയും വളര്ച്ചയുമുള്ള കമ്പനികളില്‍ ഒന്നായി അമേരിക്കന്‍ മാസികയായ ഫോര്‍ച്യൂണ്‍ തെരഞ്ഞെടുത്തിട്ടുള്ള ഏഗോണിന്റെ ഉടമസ്ഥതയില്‍ യുഎസ്, കാനഡ, പോര്ട്ടോറിക്കോ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഡബ്ല്യുഎഫ്ജി. സർക്കാർ അംഗീകാരമുള്ള അര ലക്ഷത്തോളം സ്വകാര്യ സാമ്പത്തിക ഉപദേഷ്ടാക്കള്‍ അംഗങ്ങളായ കമ്പനിയുടെ നിർണ്ണായക തസ്തികയിലേക്ക് ജോമോൻ ഉയർത്തപ്പെടുമ്പോൾ അത് കാനഡയിലെ മലയാളിസമൂഹത്തിനാകെ അഭിമാനമുഹൂർത്തമാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്കൂടി വളരാന്‍ കമ്പനി ആലോചിക്കുന്ന ഘട്ടത്തിലാണ് സ്ഥാനക്കയറ്റം.
കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയായ ജോമോന് 2000ലാണ് കാനഡയിലേക്ക് കുടിയേറിയത്. ആറു വര്‍ഷത്തോളം പല ജോലികള്‍ ചെയ്തെങ്കിലും 2006ല്‍ ഡബ്ല്യുഎഫ്ജിയില് ചേര്‍ന്നതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ചുരുങ്ങിയ കാലത്തിനിടെ കാനഡയിലാകെയും അമേരിക്കയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ഒന്നര പതിറ്റാണ്ട് കാലത്തെ സമര്‍പ്പിതമായ പ്രവര്ത്തനത്തിനൊടുവില് അര്‍ഹിച്ച അംഗീകാരം ഇപ്പോള്‍ ജോമോനെ തേടിയെത്തി. 2018ല്‍ കാലിഫോര്‍ണിയയില്‍ നടന്ന ഡബ്ല്യുഎഫ്ജി കണ്‍വെന്‍ഷനില്‍ പ്രഭാഷകരില്‍ ഒരാളായി ജോമോന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 14000ലേറെ ആള്‍ക്കാരാണ് അന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
ഉഴവൂര്‍ കുടിയിരിപ്പില് മാത്യു-ആലീസ് ദമ്പതികളുടെ മകനാണ്. ഉഴവൂർ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജിജിയാണ് ഭാര്യ. മൂന്ന് മക്കള്‍. സഹോദരന് ജയ്സണ്‍ മാത്യു ഡബ്ല്യുഎഫ്ജി സീനിയര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെടെ ജോമോന്റെ കുടുംബം മൊത്തം ഇപ്പോൾ ക്യാനഡയിൽ സ്ഥിരതാമസക്കാരാണ്.
വ്യത്യസ്തമായി ചിന്തിക്കുകയും ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്താൽ കാനഡ അനന്തസാധ്യതകളുള്ള രാജ്യമാണെന്നാണ് ജോമോന്റെ പക്ഷം. എന്നാല്‍, ഇവിടേയ്ക്ക് കുടിയേറുന്നവരിൽ വലിയൊരു വിഭാഗവും അവസരങ്ങൾ ഉപയോഗിക്കുന്നില്ല. തങ്ങളുടെതന്നെ ജോലിയിലേക്ക് ചുരുങ്ങുകയോ സാധാരണ ജോലികളുമായി കുറഞ്ഞ വേതനത്തിൽ കാലംകഴിക്കുകയോ ആണ് കൂടുതല്‍ പേരും. വിദ്യാഭ്യാസനിലവാരത്തിൽ മുന്നിട്ടുനിൽക്കുന്ന മലയാളിസമൂഹമെങ്കിലും മാറി ചിന്തിക്കാൻ തയ്യാറാകണമെന്ന് ജോമോൻ പറയുന്നു.
അനിൽ മറ്റത്തികുന്നേൽ