ന്യൂഡല്‍ഹി: ഡ്യൂട്ടി സമയം, സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹി എയിംസില്‍ നഴ്സുമാരുടെ പ്രതിഷേധം. എയിംസ് നഴ്സസ് യൂണിയനാണ് പ്രതിഷേധം നടത്തുന്നത്. പി.പി.ഇ കിറ്റുകള്‍ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്.
എയിംസില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നില്‍ കുത്തിയിരുന്ന് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ഇതുവരെ അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.നിരവധി ആശുപത്രി ജീവനക്കാര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ആശുപത്രികള്‍ പൂട്ടിയിടുന്ന സ്ഥിതിയുമുണ്ടായിരുന്നു.
അതേസമയം ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 13 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.