തൃശൂര്‍. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കുടുങ്ങിയവരില്‍ തൃശൂരില്‍ ഇന്നലെ എത്തിയത് 120 യാത്രക്കാര്‍. ഡല്‍ഹിയില്‍ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിനാണ് ജില്ലയിലെത്തിയത്. തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലേക്കുള്ള യാത്രക്കാരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇറക്കിയത്. തൃശൂരില്‍ നിന്നും 73 പേരും പാലക്കാട് 42, മലപ്പുറം -4 എറണാകുളത്തു നിന്നുമുള്ള ഒരു യാത്രക്കാരനുമാണ് തൃശൂരിലെത്തിയത്. 22 ബോഗികളിലായാണ് യാത്രക്കാരെ ജില്ലയിലെത്തിച്ചത്. ജില്ലയില്‍ നിന്നുള്ള 73 പേരില്‍ 68 പേരെ ഹോം ക്വാറന്റൈനിലും, രോഗ ലക്ഷണം പ്രകടിപ്പിച്ച അഞ്ചുപേരെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലും ആക്കി. ബാക്കിയുള്ള ജില്ലക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അതത് ജില്ലകളിലേക്കും അയച്ചു. പാലക്കാട്, മലപ്പുറം, എറണാകുളം, ജില്ലകളിലേക്കും, തൃശൂര്‍ ജില്ലയിലെ വിവിധ താലൂക്കിലേക്കുള്ള യാത്രക്കാരെ എത്തിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.