ഡാളസ് ∙ ഡാലസ് ഫോർട്ട്‍വർത്തിലെ താപനില ആദ്യമായി ഈ വർഷം നൂറു ഡിഗ്രിയിലേക്ക്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നാഷനൽ വെതർ സർവീസ് ഡാലസ് ഫോർട്ട്‍വർത്ത് ഇന്റർ നാഷനൽ എയർപോർട്ടിൽ 100 ഡിഗ്രി താപനില രേഖപ്പെടുത്തിയതായി അറിയിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ താപനില ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു.

ഓഗസ്റ്റ് 3 മുതൽ മിക്കവാറും എല്ലാ ദിവസങ്ങളിലും 100 ഡിഗ്രി ഫാരൻ ഫീറ്റിലേക്ക് (37.8 0 സെൽഷ്യസ്) താപനില ഉയരുമെന്ന് വെതർ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൂട് വർധിച്ചതോടെ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വളർത്തു മൃഗങ്ങളുമായി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഇവയെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്നും, ഇതു കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും മുന്നറിയിപ്പുണ്ട്.

വാഹനത്തിൽ കുട്ടികളെ ഇരുത്തി ഷോപ്പിങ്ങിനു പുറത്തു പോകുന്നതും ഗുരുതരമായ കുറ്റമാണ്. ചൂടേറ്റ് കുട്ടികൾ മരിക്കുന്ന സംഭവം അമേരിക്കയിൽ ഓരോ വർഷവും വർധിച്ചു വരുന്നു. ബന്ധപ്പെട്ടവർ ഈ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

പി. ആര്‍. ചെറിയാന്‍