ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ കേസെടുത്തു. മന്ത്രിയായിരുന്ന സമയത്ത് 74.93 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. തിങ്കളാഴ്ച ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡി കെ സുരേഷുമായും ബന്ധപ്പെട്ട 14 കേന്ദ്രങ്ങളില്‍ സിബി ഐ ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. കര്‍ണാടക, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ 57 ലക്ഷത്തോളം രൂപയും ഹാര്‍ഡ് ഡിസ്‌ക്, വസ്തു രേഖകള്‍, ബാങ്ക് രേഖകള്‍ എന്നിവ കണ്ടെടുത്തതായി സിബി ഐ അവകാശപ്പെട്ടു.
എന്നാല്‍, ബിജെപി തന്നെ വേട്ടയാടുകയാണെന്നും അനീതിക്കെതിരേ പോരാടുന്നതില്‍നിന്ന് തന്നെ തടയാന്‍ ഇത്തരം റെയ്ഡുകള്‍ക്കാവില്ലെന്നും ജനകീയകോടതിയില്‍ വിജയം നേടുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.