ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ റിമാൻഡിലായി ജയിലിൽക്കഴിയുന്ന നടൻ ദർശന്റെ ഭാര്യ വിജയലക്ഷ്മി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ ശിവകുമാറിനെ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് വിജയലക്ഷ്മി കണ്ടത്.

മകന്റെ വിദ്യാഭ്യാസകാര്യം സംസാരിക്കാനായാണ് വിജയലക്ഷ്മി വന്നതെന്ന് ശിവകുമാർ പറഞ്ഞു. മകനെ ശിവകുമാറിന്റെ മാനേജ്മെന്റിലുള്ള സ്കൂളിൽ ചേർക്കണമെന്നാവശ്യപ്പെടാനാണെത്തിയത്. നിലവിൽ പഠിക്കുന്ന സ്കൂളിൽനിന്ന് മാറാനാണിത്. നേരത്തേ ശിവകുമാറിന്റെ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. പ്രിൻസിപ്പലിനെ വിളിച്ച് സംസാരിക്കാമെന്ന് അറിയിച്ചതായി ശിവകുമാർ പറഞ്ഞു.

ദർശന് നീതിലഭിച്ചില്ലെങ്കിൽ താൻ സഹായിക്കുമെന്ന് കഴിഞ്ഞദിവസം ശിവകുമാർ പറഞ്ഞിരുന്നു. ദർശന് നീതിലഭിച്ചിട്ടില്ലെന്ന് ആരാധകർ മുദ്രാവാക്യം വിളിക്കുന്നതുകണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ബുധനാഴ്ച ശിവകുമാർ വിശദീകരിച്ചു. കേസിന്റെ അന്വേഷണത്തിലോ കോടതികാര്യത്തിലോ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.