തിരുവനന്തപുരം: ലോഡുമായി വന്ന കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിലേക്ക് ചാടിക്കയറി വാഹനം നിര്‍ത്തി വന്‍ദുരന്തം ഒഴിവാക്കിയ പോലീസ് ഉദ്യോഗസ്ഥന് പാരിതോഷികം. പാലക്കാട് ആലത്തൂര്‍ ഹൈവേ പോലീസില്‍ ഡ്രൈവറായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആര്.വിനോദിനാണ് 3000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റും നല്കാന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
വെളളിയാഴ്ച രാവിലെ ആലത്തൂര്‍ സ്വാതി ജംഗ്ഷനിലായിരുന്നു സംഭവം. സ്വാതി ജംഗ്ഷനിലെ ഇടറോഡില്‍ സ്വന്തം ബൈക്കിന് സിഗ്നല്‍ കാത്തു നില്‍ക്കവെയാണ് ഹൈവേയിലൂടെ വന്ന കണ്ടെയ്നര്‍ ലോറി അപകടകരമായി റോഡരികിലേയ്ക്ക് നീങ്ങുന്നത് വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ലോറിക്ക് മുന്നിലായി ധാരാളം വാഹനങ്ങളുമുണ്ടായിരുന്നു. ലോറി ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ തളര്‍ന്നു കിടക്കുന്നത് കണ്ട വിനോദ് അസാമാന്യ മനസാന്നിധ്യത്തോടെ ഡ്രൈവറുടെ കാബിന് തുറന്ന് ലോറിക്കകത്തു കയറി സ്റ്റിയറിംഗ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ വിനോദിന്റെ ദേഹത്തേയ്ക്ക് കുഴഞ്ഞുവീണു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്കി.