കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ ഡൽഹി ക്യാപിറ്റൽസ് അവസാന ഇലവനിൽ നേപ്പാൾ യുവ സ്പിന്നർ സന്ദീപ് ലമിച്ഛാനെയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തം. നേപ്പാളിൽ നിന്നുള്ള ആരാധകരാണ് ക്യാപിറ്റൽസിൻ്റെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധമറിയിക്കുന്നത്. പേജിൽ അപ്ലോഡ് ചെയ്ത പോസ്റ്റുകളുടെ കമൻ്റ് ബോക്സിൽ നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

ലമിച്ഛാനെ ഉള്ളതുകൊണ്ടാണ് ഡൽഹിയെ പിന്തുണച്ചിരുന്നതെന്നും ഇനി അതുണ്ടാവില്ലെന്നും ആളുകൾ കമൻ്റ് ചെയ്യുന്നുണ്ട്. തോൽക്കാനായി ആശംസിക്കുന്നു എന്നും കമൻ്റുകൾ നിറയുന്നു.

ഷിംറോൺ ഹെട്മെയർ, കഗീസോ റബാഡ, ആൻറിച്ച് നോർജേ, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് ഡെൽഹി ക്യാപിറ്റൽസിലെ വിദേശ താരങ്ങൾ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഡൽഹിക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ഷിംറോൺ ഹെട്‌മെയർ (7), പൃഥ്വി ഷാ (5) എന്നിവർ ഇന്ത്യൻ പേസർക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ ശിഖർ ധവാൻ (0) റണ്ണൗട്ടായി.

പഞ്ചാബ് നിരയിൽ സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ ഇല്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. പകരം നിക്കോളാസ് പൂരാൻ കളിക്കും. ഗ്ലെൻ മാക്സ്‌വെൽ, ക്രിസ് ജോർഡാൻ, ഷെൽഡൻ കോട്രൽ എന്നിവരാണ് മറ്റ് വിദേശ താരങ്ങൾ.