ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തെ 20 സ്ഥലങ്ങള്‍ പൂര്‍ണമായി അടയ്ക്കുന്നു. കോവിഡ് തീവ്രമേഖലകളാണ് അടച്ചിടുന്നത്. മറ്റുസ്ഥലങ്ങളില്‍ വീടിന് പുറത്തേക്ക് ഇറങ്ങാന്‍ മാസ്ക്കും കേജരിവാള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.
മര്‍കസ് മസ്ജിദ്, നിസാമുദ്ദീന്‍ ബസ്തി, ദ്വാരകയിലെ ഷാജഹാനാബാദ് സൊസൈറ്റി, മയൂര്‍ വിഹാര്‍, പട്പര്ഗഞ്ച്, മാല്‍വിയ നഗര്‍, സംഗം വിഹാര്‍, സീമാപുരി, വസുന്ധര എന്‍ക്ലേവ്, ദില്‍ഷാദ് ഗാര്ഡന് തുടങ്ങിയ സ്ഥലങ്ങളാണ് അടയ്ക്കുന്നത്.
മാസ്ക്ക് ധരിക്കുന്നത് കൊറോണ വൈറസ് വ്യാപനം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. അതിനാല്‍ വീടിന് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക്ക് ധരിക്കേണ്ടതാണ്. തുണി കൊണ്ടുള്ള മാസ്ക്കുകളും ധരിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു.
മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.