ന്യൂഡൽഹി: ഡൽഹി സർക്കാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗിക്കും ജീവനക്കാർക്കും ഉൾപ്പെടെ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 25 പേർക്ക് കോവിഡ് കണ്ടെത്തി. രോഗി, ആശുപത്രിയിലെ അറ്റൻഡർ, സെക്യൂരിറ്റി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് കാൻസർ രോഗികൾ, മൂന്ന് ഡോക്ടർമാർ എന്നിവരുൾപ്പെടെ നേരത്തെ 22 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ ശനിയാഴ്ച ആശുപത്രി അടച്ച് പൂർണമായും അണുവിമുക്തമാക്കിയിരുന്നു.
കോവിഡ് ബാധിച്ച രോഗികളിലൊരാൾ മരിച്ചതോടെ മറ്റ് രണ്ട് രോഗികളെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പുതതായി എത്തുന്ന രോഗികൾക്ക് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം നൽകുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിലെ 70 ജീവനക്കാർ സമ്പർക്കവിലക്കിലാണ്.
ആശുപത്രിയിലെ ഒരു വനിതാ ഡോക്ടർക്ക് യുകെയിൽ നിന്നുംവന്ന ബന്ധുവിലൂടെയാണ് ആദ്യം രോഗം പിടിപെട്ടത്. ഇവർ പിന്നീട് ആശുപത്രിയിൽ ജോലിക്കെത്തിയതോടെ ജീവനക്കാരിലേക്കും രോഗികളിലേക്കും രോഗം പടർന്നു.