കൊല്ലം: മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ജില്ലയിലെ തഹസില്‍ദാര്‍മാരെ തലങ്ങും വിലങ്ങും മാറ്റിയതിന് പിന്നില്‍ കളക്ടറുടെ പ്രതികാരമെന്ന് ആക്ഷേപം. ജീവനക്കാരുടെ പ്രതിഷേധവും തഹസില്‍ദാര്‍മാരുടെ ബുദ്ധിമുട്ടുകളും ബോധ്യമായിട്ടും നടപടിയുമായി മുന്നോട്ടുപോകുകയാണ് കളക്ടര്‍. തഹസില്‍ദാര്‍മാരുടെ മാറ്റം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചതായും ആക്ഷേപമുണ്ട്. അതിനിടെ ഒരുവിഭാഗം തഹസില്‍ദാര്‍മാര്‍ പുതിയ സ്ഥലങ്ങളില്‍ ചാര്‍ജ് ഏറ്റെടുത്തു.
സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനെയും ജീവനക്കാരുടെ സംഘടനകളെയും നോക്കുകുത്തിയാക്കിയാണ് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഭരണസൗകര്യാര്‍ഥമെന്നാണ് ഇതിലെ പരാമര്‍ശം. ഒരുമാസം മുമ്ബും ഇത്തരത്തില്‍ സ്ഥലംമാറ്റ ഉത്തരവിന് നീക്കം നടത്തിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഇടപെടലില്‍ ആ നീക്കം പാളുകയായിരുന്നു.
ആറുമാസം മുമ്ബ് കളക്ടറെ സ്ഥലം മാറ്റണമെന്ന ആവശ്യം പല ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായിരുന്നു. തഹസില്‍ദാര്‍മാര്‍തന്നെ ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തുകയും സ്ഥലംമാറ്റ ലിസ്റ്റില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രിയുടെയും പാര്‍ട്ടി ജില്ലാനേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെയും ശക്തമായ പിന്തുണ ലഭിച്ച കളക്ടര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാകുകയും കൊല്ലത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. ചില ഉദ്യോഗസ്ഥരോട് അന്നുതന്നെ ഇതിനു മറുപടിയുണ്ടെന്ന് കളക്ടര്‍ താക്കീത് നല്‍കിയതായി ആക്ഷേപമുണ്ട്.
പൊതുവില്‍ കളക്ടറുടെ നയങ്ങളിലും നിലപാടുകളിലും റവന്യൂ ജീവനക്കാരില്‍ അമര്‍ഷം പുകയുന്നുണ്ട്. കൊറോണ കാലത്തു പോലും സ്ഥലംമാറ്റ നടപടികളുമായി ഉദ്യോഗസ്ഥരെ വലയ്ക്കുന്നത് കടുത്ത പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കൊല്ലം തഹസില്‍ദാരായി ഒരുവര്‍ഷം പോലും തികയാത്ത ബി.പി. അനിയെ കരുനാഗപ്പള്ളിയിലേക്കും ആറുമാസം പോലും തികയാത്ത എ. തുളസീധരന്‍പിള്ളയെ കൊട്ടാരക്കരയില്‍ നിന്നും കളക്ട്രേറ്റിലേക്കുമാണ് മാറ്റിയത്. പത്തനാപുരത്ത് നിന്നും തഹസില്‍ദാര്‍ മിനിയെയും പുനലൂരില്‍ നിന്നും നിര്‍മല്‍കുമാറിനെയും സ്ഥലംമാറ്റി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന തഹസില്‍ദാര്‍മാരെയാണ് ഇത്തരത്തില്‍ കുന്നത്തൂര്‍ താലൂക്കിനെ ഒഴിച്ചുനിര്‍ത്തി സ്ഥലം മാറ്റിയതെന്നു പ്രതിഷേധരംഗത്തുള്ള സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നു. പ്രത്യേക കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെയാണ് കളക്ടറുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.