- മൊയ്തീന്‍ പുത്തന്‍ചിറ
വാഷിംഗ്ടണ്‍: അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാര്‍ നടപ്പാക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ യുഎസ് ദൗത്യം വിമത ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമായി പുറത്തുവിടാന്‍ വിസമ്മതിച്ചതായി അമേരിക്കന്‍ നിരീക്ഷണ സമിതി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുഎസ് – താലിബാന്‍ കരാര്‍ വിജയകരമാണെന്ന് ട്രംപ് ഭരണകൂടം ഉത്സുകരായതുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിറവേറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് വിവരങ്ങള്‍ പുറത്തുവിടാന്‍ മടിക്കുന്നതെന്നാണ് നിരീക്ഷണ സമിതിയുടെ കണ്ടെത്തല്‍.
അഫ്ഗാനിസ്ഥാനിലെ കോടിക്കണക്കിന് ഡോളര്‍ ധനസഹായം നിരീക്ഷിക്കുന്ന വാഷിംഗ്ടണിന്‍റെ സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഫോര്‍ അഫ്ഗാനിസ്ഥാന്‍ റികണ്‍സ്‌ട്രക്ഷന്‍ (എസ്.ഐ.ജി.ആര്‍) അതിന്‍റെ ത്രെെമാസ റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാന്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്.
2020 ന്‍റെ ആദ്യ പാദത്തില്‍ അഫ്ഗാന്‍ ദേശീയ പ്രതിരോധ, സുരക്ഷാ സേനയില്‍ നിന്നുള്ള എല്ലാ അപകട വിവരങ്ങളും യുഎസ് സേന തരംതിരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, സമാധാന കരാര്‍ മുതല്‍ താലിബാന്‍ 2,804 ആക്രമണങ്ങള്‍ നടത്തിയതായി അഫ്ഗാനിസ്ഥാന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ ഓഫീസ് അറിയിച്ചു. ഫെബ്രുവരി 29 നാണ് താലിബാനും യുഎസും ഒപ്പുവച്ചത്.
സമാധാന ഉടമ്പടി താലിബാന്‍ പാലിക്കുന്നത് സംബന്ധിച്ച് ഏജന്‍സികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് കലാപ- ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രധാനമാണെന്ന് പെന്‍റഗണ്‍ വക്താവ് ആര്‍മി ലഫ്റ്റനന്‍റ് കേണല്‍ തോമസ് കാംബെല്‍ പറഞ്ഞു. ഈ ചര്‍ച്ചകളുമായി ഇനി മുതല്‍ അവിഭാജ്യമാകുമ്പോഴോ ചര്‍ച്ചകള്‍ അവസാനിക്കുമ്പോഴോ ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ ശത്രുക്കള്‍ ആരംഭിച്ച ആക്രമണങ്ങള്‍ മാനദണ്ഡങ്ങള്‍ക്കതീതമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ ദേശീയ പ്രതിരോധ, സുരക്ഷാ സേനയ്ക്കെതിരായ താലിബാന്‍റെ അക്രമത്തിന്‍റെ തോത് അസ്വീകാര്യമാണെന്ന് യുഎസ്, നാറ്റോ, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവര്‍ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കരാറിന്‍റെ പശ്ചാത്തലത്തില്‍ ആക്രമണം കുറയ്ക്കണമെന്ന് യുഎസ് ഉദ്യോഗസ്ഥരും അഫ്ഗാന്‍ സര്‍ക്കാരും ആവര്‍ത്തിച്ച് താലിബാനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിമത സംഘം അഫ്ഗാന്‍ സുരക്ഷാ ഔട്ട്പോസ്റ്റുകളെ മാനദണ്ഡങ്ങള്‍ക്കതീതമായി ലക്ഷ്യമിടുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ ഒരു പോലീസ് സുരക്ഷാ മേധാവിയും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും ബുധനാഴ്ച മരിച്ചു. താലിബാന്‍ സ്ഥാപിച്ച റോഡരികിലെ ബോംബ് സ്ഫോടനത്തില്‍ അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ന്നാണ് മരിച്ചത്. രാജ്യത്തൊട്ടാകെയുള്ള അഫ്ഗാന്‍ സുരക്ഷാ സേനയ്ക്കെതിരെ പ്രതിദിനം ശരാശരി 10 മുതല്‍ 15 വരെ സായുധ ആക്രമണങ്ങള്‍ താലിബാന്‍ നടത്തുന്നുണ്ടെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ അഫ്ഗാന്‍ പ്രത്യേക സേന 528 ഗ്രൗണ്ട് ഓപ്പറേഷനുകള്‍ നടത്തിയെന്നും ഇത് കഴിഞ്ഞ പാദത്തേക്കാള്‍ 10 ശതമാനം കുറവാണെന്നും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 36 ശതമാനം കുറവാണെന്നും പറഞ്ഞു. എസ്.ഐ.ജി.ആര്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍, അഫ്ഗാന്‍ സേന ഈ കാലയളവില്‍ പകുതിയിലധികം പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍, നാറ്റോ സഖ്യകക്ഷികളില്‍ നിന്ന് സ്വതന്ത്രമായി നടത്തി.
സമാധാന കരാര്‍ പ്രകാരം യുഎസ് സൈന്യം കഴിഞ്ഞ മാസം 13,000 ല്‍ നിന്ന് 8,600 ആയി കുറഞ്ഞു. ബാക്കിയുള്ളവര്‍ 14 മാസത്തിനുള്ളില്‍ പിന്മാറും.
യുഎസ് – താലിബാന്‍ കരാറിനു ശേഷം അഫ്ഗാന്‍ സര്‍ക്കാര്‍ 21 അംഗ ടീമിനെ പ്രഖ്യാപിച്ചു. എന്നിരുന്നാലും, അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനിയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ എതിരാളിയായ അബ്ദുല്ല അബ്ദുല്ലയും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനാലാണ് താലിബാന്‍ കാബൂള്‍ സര്‍ക്കാര്‍ സംഘവുമായി കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചത്.
യുഎസ് – താലിബാന്‍ കരാറിന്റെ മറ്റൊരു ഘടകം തടവുകാരുടെ കൈമാറ്റമാണ്. കലാപകാരികളുടെ പിടിയിലായിരുന്ന 5,000 താലിബാന്‍ തടവുകാരെയും 1,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മോചിപ്പിക്കാന്‍ കരാറില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുവരെ, അഫ്ഗാന്‍ സര്‍ക്കാര്‍ 550 തടവുകാരെ പ്രായം, കൊറോണ വൈറസ് ബാധ, ജയിലിലെ ജോലി സമയം എന്നിവ അടിസ്ഥാനമാക്കി വിട്ടയച്ചിട്ടുണ്ട്. മോചിപ്പിക്കപ്പെട്ടവര്‍ കരാറില്‍ പരാമര്‍ശിച്ചിരിക്കുന്ന തടവുകാരുടെ കൂട്ടത്തിലുണ്ടോ എന്ന് താലിബാന്‍ പറഞ്ഞിട്ടില്ല. വ്യാഴാഴ്ച 54 പേര്‍ ഉള്‍പ്പെടെ 114 തടവുകാരെ താലിബാന്‍ മോചിപ്പിച്ചു.
അഫ്ഗാനിസ്ഥാനില്‍ കലാപങ്ങളും ആക്രമണങ്ങളും തുടരുകയാണെങ്കിലും, യുഎന്‍ മിഷന്‍ തിങ്കളാഴ്ച ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ 152 കുട്ടികളടക്കം 533 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.