കാബൂള്‍: താലിബാന് തട്ടിക്കൊണ്ടുപോയ പാക് മാധ്യമ പ്രവര്ത്തകന് അനസ് മല്ലിക്ക് സുരക്ഷിതനാണെന്ന് സ്ഥിരീകരിച്ചു പാക്കിസ്ഥാന്. അഫ്ഗാനിസ്ഥാനിലെ പാക് അംബാസിഡര്‍ മന്‍സൂര്‍ അഹമ്മദ് ഖാനാണ് വിവരം പുറത്തുവിട്ടത്. പിന്നാലെ അനസ് താന്‍ സുരക്ഷതിനാണെന്ന് ട്വീറ്റ് ചെയ്തു.
താലിബാന് ഭരണത്തിന്റെ ഒന്നാം വാര്‍ഷികം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ അനസ് മല്ലിക്കിനെ താലിബാന് തട്ടിക്കൊണ്ടുപോയി ശാരീരികമായി ആക്രമിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ മാധ്യമ സ്ഥാപനമായ സീ മീഡിയയുടെ കീഴിലുള്ള അന്താരാഷ്ട്ര ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകനാണ് അനസ്.
ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെത്തിയ അനസിനെ കാണാതായ വിവരം സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച രാത്രിയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. തുടര്‍ന്ന് പാക്കിസ്ഥാന് എംബസി താലിബാന് സര്‍ക്കാരുമായി ബന്ധപ്പെട്ടെങ്കിലും അനസിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.