വാഷിങ്ടൻ ഡിസി ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കാമെന്ന് ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി മാനേജർ ജെൻ ഒ മല്ലിഡില്ലൻ അനുയായികൾക്കു മുന്നറിയിപ്പ് നൽകി. ഇതുവരെയുള്ള തിരഞ്ഞെടുപ്പ് സർവേകളിൽ ബൈഡനാണ് മുൻതൂക്കമെങ്കിലും ട്രംപിന്റെ വിജയം എന്ന യാഥാർഥ്യം നിഷേധിക്കാനാവില്ല. ശനിയാഴ്ച പ്രവർത്തർക്കയച്ച മെമ്മോയിൽ ജെൻ പറയുന്നു.
ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച സർവേയിൽ ബൈഡൻ 54 ശതമാനവും, ട്രംപിന് 43 ശതമാനവുമാണ് വിജയ സാധ്യത പ്രവചിച്ചിരിക്കുന്നത്. പ്രധാന സംസ്ഥാനങ്ങളിൽ സ്ഥിതി മാറിമറിയുകയാണെന്നും ഇരുവരും ഇഞ്ചോടിഞ്ച് പൊരുതുകയാണെന്നും മെമ്മോയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. പ്രത്യേകിച്ചു ഫ്ലോറിഡാ, നോർത്ത് കാരലൈന സംസ്ഥാനങ്ങളിൽ വളരെ ചെറിയ ശതമാനമാണ് ബൈഡന് ലീഡുള്ളത്.
വോട്ടർമാരെ പരമാവധി പോളിങ് ബൂത്തിൽ എത്തിക്കുന്നതിന് പ്രവർത്തകർ ആത്മാർത്ഥമായി ശ്രമിക്കണമെന്നും, ബൈഡന് വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും മാനേജർ അഭ്യർഥിച്ചു. 2016 ൽ ജനകീയ വോട്ടുകൾ കൂടുതൽ ലഭിച്ച ഹിലറിര പരാജയപ്പെട്ടതു വിസ്മരിക്കരുതെന്നും കൂടുതൽ സംസ്ഥാനങ്ങളിൽ ഡമോക്രാറ്റിക് പാർട്ടി ജയിക്കേണ്ടതുണ്ടെന്നും ജെൻ ചൂണ്ടിക്കാട്ടി.