തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തോട് അടുക്കുന്ന തിരുവനന്തപുരത്ത് കൂടുതല്‍ ചികിത്സാകേന്ദ്രങ്ങളൊരുക്കുന്നത് അധികൃതര്‍ക്ക് കനത്ത വെല്ലുവിളിയാണ്. തിരുവനന്തപുരത്ത് ഐസിയു ബെഡുകള്‍ക്ക് ക്ഷാമം. സര്‍ക്കാര്‍ മേഖലയില്‍ 13 ഐസിയു ബെഡുകളും 33 വെന്റിലേറ്ററുകളും മാത്രമാണ് ഒഴിവുള്ളത്. മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിയിലും ഓക്സിജന്‍ ക്ഷാമവും നേരിടുന്നു. നിയന്ത്രണം കടുപ്പിക്കണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുടേയും, ആരോഗ്യപ്രവര്‍ത്തകരുടേയും ദൗര്‍ലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി ആളുകളെ വീടുകളില്‍ പാര്‍പ്പിച്ച്‌ ചികിത്സിക്കുന്നതിനായിരിക്കും മുന്‍ഗണന. മെഡിക്കല്‍ കോളജിലെ ആകെ 83-ല്‍ 3 എണ്ണമാണ് ഒഴിവുള്ളത്. ആകെ 112 ഐസിയു കിടക്കകളില്‍ 80 ലും രോഗികളുണ്ട്. ജനറല്‍ ആശുപത്രിയില്‍ ഒറ്റ ഐസിയു കിടക്ക പോലും ഒരുക്കാനായിട്ടില്ല. മെഡിക്കല്‍ കോളജില്‍ 50 വെന്റിലേറ്ററുകളില്‍ 28 മാത്രം ബാക്കിയുണ്ട്. കാസ്പ് നിരക്കില്‍ ചികില്‍സിക്കുന്ന സ്വകാര്യ മേഖലയിലേത് കൂടി കൂട്ടിയാലും 38 എണ്ണമാണ് ആകെയുള്ളത്. ജനറല്‍ ആശുപത്രിയില്‍ 300 ല്‍ 268 കിടക്കകളും നിറഞ്ഞു. കുട്ടികള്‍ക്ക് ചികില്‍സ നല്കുന്ന എസ് എ ടി യില്‍ 3 കിടക്കകളേ ബാക്കിയുള്ളു.

നിലവില്‍ 1101 പേര്‍ ആശുപത്രികളിലും 2505 പേര്‍ പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളിലുമുണ്ട്. ആകെ 9519 പേര്‍ ചികില്‍സയില്‍. അയ്യായിരത്തിലേറെപ്പേര്‍ വീടുകളില്‍ കഴിയുന്നതും ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം താരതമ്യേന കുറഞ്ഞിരിക്കുന്നതും മാത്രമാണ് ആശ്വാസം. മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും 24 മണിക്കൂറും ഓക്സിജന്‍ വിതരണം ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ക്കായി പണം ആവശ്യപ്പെട്ടിട്ടും തുടര്‍ നടപടിയുണ്ടായിട്ടില്ല. ഓക്സിജന്‍ സിലിണ്ടറുകളുപയോഗിച്ചാണ് ചികില്‍സ. രോഗികളുടെ എണ്ണമുയര്‍ന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാകും.

കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്ന സ്ഥിതിയും തിരിച്ചടിയാണ്. എണ്ണൂറോളം കിടക്കകളുളള രണ്ട് കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ കൂടി ജില്ലയില്‍ ഉടന്‍ സജ്ജമാക്കും. ഐഎംജി പോലെയുളള കേന്ദ്രങ്ങളില്‍ എല്ലാ ബ്ലോക്കുകളും കോവിഡ് ചികിത്സക്കായി മാറ്റിവയ്ക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.