പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ട് മരണം. കാറിന് തീപിടിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവല്ല തുകലശ്വേരി സ്വദേശി രാജു തോമസ് (69), ഭാര്യ ലൈലി(62) എന്നിവരാണ് മരിച്ചത്. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

തുകലശേരി സ്വദേശികളാണ് മരിച്ചതെന്ന് വാർഡ് ജനപ്രതിനിധി ആദ്യം സ്ഥിരീകരിച്ചിരുന്നു. പിന്നീടാണ് പേര് വിവരങ്ങൾ പുറത്തുവന്നത്. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയതെന്ന് മാത്രമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. കാർ ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവർ ആരൊക്കെയാണെന്ന് വ്യക്തമായത്. കാറിന് തീപിടിച്ചത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല.

ഫയർ ഫോഴ്സ് തീ അണച്ചു കഴിഞ്ഞപ്പോഴാണ് കത്തിക്കരി‌ഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടമരണമാണോയെന്നും പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസാണ് കത്തിയമരുന്ന കാർ കണ്ടത്. റോഡരികിൽ തീ കണ്ട് അടുത്ത് എത്തിയപ്പോഴാണ് കാറാണെന്ന് മനസ്സിലായത്. ഉടന്‍ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. എങ്ങിനെയാണ് വാഹനം കത്തിയതെന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.

റോഡിന് വശത്ത് പാടങ്ങൾ ഉള്ള പ്രദേശമാണിത്. ടൂറിസ്റ്റുകൾ കൂടുതലായി എത്തുന്ന സ്ഥലമാണിതെന്ന് പ്രദേശവാസികൾ പറയുന്നു. പാടത്തിന്‍റെ അടുത്തായുള്ള റോഡിൽ വാഹനം ഒതുക്കിയതിന് ശേഷം ഇരുവരും ചേർന്ന് ഇന്ധനം ഒഴിച്ച് ആത്മഹത്യ ചെയ്യുകതയായിരുന്നെന്ന് സംശയിക്കുന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദമ്പതികൾക്കുണ്ടായിരുന്നെന്നാണ് പുറത്തുവരുന്നവിവരം.

രാജുവിനോ കുടുംബത്തിനോ സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ദമ്പതികൾ ഉൾപ്പെടുന്ന വാർഡ് കൗൺസിലർ പറയുന്നക്. മാനസികമായ എന്തെങ്കിലും വിഷയംകൊണ്ട് ആയിരിക്കാം മരണമെന്നും. മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നെന്നും വാർഡംഗം കൂട്ടിച്ചേർത്തു. നേരത്തെ വിദേശത്തായിരുന്ന ഇവർ നാട്ടിൽ വന്നിട്ട് ഒരുപാട് വർഷങ്ങളായെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചിരുന്നു. കുമളി അറുപത്തിയാറാം മൈലിന് സമീപത്തായിരുന്നു അപകടം. ബൈക്കിലിടിച്ച കാറിന് തീപിടിക്കുകയായിരുന്നു. കാറിനകത്ത് ഡ്രൈവർ മാത്രമാണു ഉണ്ടായിരുന്നത്. കാർ പൂർണമായും കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. മരിച്ചയാളുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമായിരുന്നു. പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കുക: 1056)