ന്യൂയോര്‍ക്ക്: പ്രമുഖ സിനിമ കലാസംവിധായകന്‍ തിരുവല്ല ബേബി (84) നിര്യാതനായി. ഇന്നു ഉച്ചയ്ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡിലെ വീട്ടില്‍ വച്ചായിരുന്നു മരണം. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അമേരിക്കയില്‍ സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനായിരുന്നു തിരുവല്ല ബേബി. 1968-75 കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ മികച്ച കലാസംവിധായകനായിരുന്ന അദ്ദേഹം മലയാള സിനിമയിലെ പ്രശസ്തരായ നിരവധി അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

അനാഛാദനം (1968), സന്ധ്യ (1969), മായ (1972), അജ്ഞാതവാസം 1973), ജീസസ്‌ (1973), ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു (1973), പച്ചനോട്ടുകള്‍ (1973), നെല്ല് (1974), ഹണിമൂണ്‍ (1974) എന്നീ ചിത്രങ്ങളുടെ കലാസം‌വിധാനം തിരുവല്ല ബേബിയുടേതാണ്.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയിലെ കലാസംവിധാനം ഏറെ പേരെടുത്തു. ഇതില്‍ ബാലു മഹേന്ദ്രയ്ക്ക് ഏറ്റവും മികച്ച ക്യാമറാമാനുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിക്കൊടുക്കുന്നതില്‍ ബാബുവിന്റെ പങ്ക് വളരെ വലുതായിരുന്നു. വയനാട്ടിലെ തിരുനെല്ലിയില്‍ ബാബു ഒരുക്കിയ ദൃശ്യങ്ങളാണ് ബാലുവിന്റെ ക്യാമറ ഒപ്പിയെടുത്തത്. നൂറിലധികം മലയാള ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രേംനസീറുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന ബാബു ഫോമ-ഫൊക്കാന സമ്മേളനങ്ങളില്‍ സ്ഥിരമായി സ്റ്റേജുകള്‍ ഡിസൈന്‍ ചെയ്തു കൈയടി വാങ്ങിയിരുന്നു.

അമേരിക്കയിലെ വിവിധ പള്ളികളില്‍ മദ്ബഹ ഡിസൈന്‍ ചെയ്തിട്ടുണ്ട്. സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ശോശാമ്മ ബേബി തടിയൂര്‍ സ്വദേശിനിയാണ്.

മക്കള്‍: നാന്‍സി, സിബി, ഡോ. ബിനു, നവിന്‍.

മരുമക്കള്‍: താജ്, എലിസബത്ത്, ബെഞ്ചി, അശ്മി.

ഒരു തികഞ്ഞ ദൈവഭക്തനായിരുന്ന അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സഭയ്ക്കായി സമര്‍പ്പിച്ചു ജീവിച്ചു. അമേരിക്കയിലുടനീളം ഏകദേശം 79 ക്രിസ്തീയ ദേവാലയങ്ങളില്‍ മദ്ബഹകള്‍/അള്‍ത്താരകള്‍ ബേബിയുടെ രൂപകല്പനയിലൂടെ നിര്‍മ്മിച്ചിട്ടുണ്ട്. അദ്ദേഹം ഏറ്റവും അവസാനമായി നിര്‍മ്മിച്ച മദ്ബഹ ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് വേണ്ടിയായിരുന്നു.

ഫോമ, ഫൊക്കാന എന്നീ ദേശീയ സംഘടനകളുടെ കണ്‍‌വന്‍ഷനുകളില്‍ അദ്ദേഹത്തിന്റെ രംഗസജ്ജീകരണങ്ങളും, ടാബ്ലോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

കലാസാംസ്ക്കാരിക രംഗത്തും അദ്ദേഹം ശോഭിച്ചിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി അമേരിക്കയിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹിയായിരുന്നു.