പാരിസ്: ഫ്രാൻസിൽ തീവ്രവലത് പക്ഷം അധികാരത്തിലെത്തില്ല. തീവ്രവലതിന്റെ മുന്നേറ്റം തടഞ്ഞത് ഇടതുസഖ്യവും മധ്യപക്ഷവും തമ്മിലുണ്ടാക്കിയ ധാരണയാണ്. ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സഭയിൽ ഇടതുപക്ഷം കൂടുതൽ സീറ്റ് നേടും. പരാജയകാരണം എതിരാളികൾ ഉണ്ടാക്കിയ അവിശുദ്ധ സഖ്യമെന്നാണ് തീവ്രവലത് പക്ഷ പാർട്ടിയായ നാഷണൽ റാലി ആരോപിച്ചു. ഫലം വന്നതിന് പിന്നാലെ പാരീസിൽ സംഘർഷമുണ്ടായി. ഫ്രാൻസിലെ ദേശീയ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം മുന്നിലാണുള്ളത്. 

തീവ്ര വലതുപക്ഷമായ നാഷനൽ റാലിയെ മൂന്നാം സ്ഥാനത്താക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതെത്തുമെന്നാണ് ഇതുവരെയുള്ള ഫലസൂചന. ആർക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന സാഹചര്യത്തിലാണ് ഇടത് സഖ്യവും മധ്യപക്ഷവും തമ്മിൽ ധാരണയുണ്ടാക്കിയത്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ തൂക്കുമന്ത്രി സഭയ്ക്കാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്. 577 അംഗ പാർലമെന്റിൽ 289 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്.

ഇടത് സഖ്യം അപ്രതീക്ഷിത മുന്നേറ്റം കാഴ്ച വച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജി പ്രഖ്യാപിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മരീൻ ലെ പെന്നിന്റെ തീവ്രവലത് പാർട്ടി മുന്നേറിയതിന് പിന്നാലെ ഇടത് മിതവാദി സഖ്യവും ചേർന്നുള്ള മുന്നണിക്കായി ഇമ്മാനുവൻ മക്രോൺ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാർത്ഥികളും പിൻമാറിയതാണ് തീവ്രവലത് മുന്നേറ്റത്തിന് തടയിട്ടത്. തിങ്കളാഴ്ച രാവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് രാജി കത്ത് കൈമാറുമെന്നാണ് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ ഞായറാഴ്ച വിശദമാക്കിയത്.