തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു പ്രതിയുണ്ടായിരുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം നടന്നിരുന്നത്.

നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നന്ദനെ പൊലീസ് പിടികൂടിയത്. ബസില്‍ കയറി രക്ഷപെടാനായിരുന്നു ശ്രമം. സിപിഐഎം നേതാവ് സനൂപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.

ചിറ്റിലങ്ങാട് നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴി. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.