വാഷിംഗ്ടണ്‍ ഡിസി: ട്വിറ്ററിനെതിരായ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെല്ലുവിളി സ്വീകരിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജാക്ക് ഡോഴ്സി. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെറ്റായ വിഷയങ്ങളോ വാര്‍ത്തകളോ നല്കിയാല് അവ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് ഡോഴ്സി വ്യക്തമാക്കി.
സ്വതന്ത്ര ആശയ പ്രകാശനം തടസപ്പെടുത്തുന്ന ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വേണ്ടിവന്നാല്‍ അടച്ചുപൂട്ടാനും മടിക്കില്ലെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.
തപാല്‍ വോട്ട് ക്രമക്കേടുകള്‍ക്കു വഴിതെളിക്കുമെന്ന് ആരോപിച്ച് ട്രംപ് ട്വീറ്റു ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കം. വായനക്കാര്‍ ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചു ബോധ്യപ്പെടണമെന്നു ട്വീറ്റിനടിയില്‍ ട്വിറ്റര്‍ കുറിച്ചു. ഇതാണു ട്രംപിനെ രോഷാകുലനാക്കിയത്. 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാനാണു ട്വിറ്റര്‍ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.
തപാല്‍വോട്ടു സംബന്ധിച്ച എന്റെ ട്വീറ്റ് തെറ്റാണെന്നു പറഞ്ഞ് വസ്തുതകള്‍ പരിശോധിക്കാനായി വ്യാജ വാര്‍ത്താ മാധ്യമങ്ങളായ സിഎന്‍എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയിലേക്ക് ലിങ്കു നല്‍കിയിരിക്കുകയാണ് അവര്‍. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ട്വിറ്ററിനെ അനുവദിക്കില്ല- ട്രംപ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
പിന്നാലെയാണ് മറുപടിയുമായി ഡോഴ്സി രംഗത്തെത്തിയത്. ജീവനക്കാരെ തര്‍ക്കങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും കന്പനി സിഇഒ എന്ന നിലയില്‍ ആത്യന്തികമായി ഉത്തരവാദിത്തമുള്ളത് തനിക്കാണന്നും ഡോഴ്സി ട്വീറ്റ് ചെയ്തു. കന്പനി തീരുമാനങ്ങള്‍ക്കായി ജീവനക്കാരെ വ്യക്തിഗതമായി ലക്ഷ്യമിടുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.