അഹമ്മദാബാദ് | തൊലിനിറത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല വംശീയതയെന്നും ഒരാളുടെ മതത്തിന്റെ പേരിലും വംശീയ പരിഹാസങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. വ്യത്യസ്ത മതവിശ്വാസത്തിന്റെ പേരില്‍ ഒരു സ്ഥലത്ത് നിങ്ങള്‍ക്ക് വീട് വാങ്ങാന്‍ ലഭിക്കുന്നില്ലെങ്കില്‍ അതും വംശീയതയുടെ ഭാഗമാണെന്ന് പത്താന്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.
ഇതൊരു നിരീക്ഷണമാണെന്നും ആര്‍ക്കുമിത് നിഷേധിക്കാനാകില്ലെന്നും പത്താന്‍ ചൂണ്ടിക്കാട്ടി. ഒരിന്ത്യക്കാരന്‍ എന്ന നിലയിലാണ് താനെപ്പോഴും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇന്ത്യക്ക് വേണ്ടിയാണത്. ഒരിക്കലുമത് അവസാനിപ്പിക്കുകയില്ല. ഐ പി എല്‍ മത്സരത്തിനിടെ വംശീയത നിറഞ്ഞ പരിഹാസങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമിയുടെ പരാമര്‍ശത്തോടും പത്താന്‍ പ്രതികരിച്ചു. അത്തരമൊരു സംഭവത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് പത്താന്‍ പറഞ്ഞത്.
അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ ഇത്തരം ചില പ്രശ്‌നങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള സഹോദരന്മാര്‍ക്ക് വടക്കേയിന്ത്യയിലേക്ക് യാത്ര ചെയ്യുമ്ബോള്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവര്‍ക്കെതിരെ മുദ്രാവാക്യങ്ങളൊക്കെ മുഴങ്ങുമായിരുന്നു. വിദ്യാഭ്യാസമാണ് പ്രധാന പ്രശ്‌നമെന്നാണ് തനിക്ക് തോന്നുന്നത്. സമൂഹം ഇനിയും പഠിക്കാനുണ്ടെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.