ഭോപ്പാല്‍: മഹാരാഷ്ട്ര-മധ്യപ്രദേശ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസവുമായി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍. തിങ്കളാഴ്ച രാവിലെയാണ് സഹപ്രവര്‍ത്തകരോടൊപ്പം ബര്‍വാനി ജില്ലയിലെ സെഗ്വാളിന് സമപം ദേശീയപാതയോരത്ത് സമരം തുടങ്ങിയത്.
ആവശ്യം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും നര്‍മദ ബച്ചാവോ ആന്ദോളന് സമരനേതാവായ മേധ പട്കര്‍ പറഞ്ഞു.
അതിനിെട, സംസ്ഥാനത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ ഞായറാഴ്ച പൊലീസിനുനേരെ കല്ലെറിഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുംബൈ-ആഗ്ര ഹൈവേ വഴിയാണ് മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും തൊഴിലാളികള്‍ കാല്‍നടയായും വാഹനങ്ങളിലും നാട്ടിലേക്ക് മടങ്ങുന്നത്. ഇരുസംസ്ഥാനങ്ങളുടെ അതിര്‍ത്തിയായ ബര്‍വാനി ജില്ലയിലെ സെന്ധ്വയിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്.
തൊഴിലാളികളെ മരിക്കാന്‍ വിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നെതന്ന് മേധ കുറ്റപ്പെടുത്തി. കൊടുംചൂടില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് പെരുവഴിയിലൂടെ നടക്കുന്നത്. നാട്ടിലെത്താന്‍ പണം നല്കാന് പോലും ഇവര്‍ തയ്യാറാണ്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും ഉചിതമായ തീരുമാനം എടുക്കുന്നില്ല. തൊഴിലുടമകളില്‍നിന്ന് മതിയായ വേതനം പോലും ലഭിക്കാതെയാണ് ലോക്ഡൗണില്‍ കുടുങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങുന്നതെന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം -മേധ പട്കര്‍ പറഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനത്തിെന്റ അഭാവമാണ് തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തിലാകാന്‍ കാരണമെന്ന് അവര്‍ ആരോപിച്ചു. ”മധ്യപ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടി പോലും നിശബ്ദമാണ്. ഭരണമില്ല, രാഷ്ട്രീയവുമില്ല. അസംസ്കൃത വസ്തുക്കളുമായി പോകുന്ന ട്രക്കുകള്‍ക്ക് യാത്രാനുമതി നല്കുന്നവര് മനുഷ്യര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നില്ല. വാടക വാഹനങ്ങളില്‍ അതിര്‍ത്തിയിലെത്തുന്നവരെ പോലും കടന്നുപോകാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ ഫെഡറല്‍ ഘടന തകര്‍ന്നുകൊണ്ടിരിക്കുകയാണ്” -മേധ പറഞ്ഞു.