കുറവിലങ്ങാട്: പ്രവാസിമലയാളിയോട്, വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സെക്ഷൻ ഓവർസിയർ വിജിലൻസ് പിടിയിൽ. കുറവിലങ്ങാട് സെക്ഷൻ ഓവർസിയർ തലയോലപ്പറമ്പ് കീഴൂർ മണ്ണാറവേലിൽ എം.കെ. രാജേന്ദ്ര(51)നെയാണ് കിഴക്കൻ മേഖല വിജിലൻസ് ഡിവൈ.എസ്.പി. നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

പ്രവാസി മലയാളി വീട് നിർമിക്കുന്നതിന് താത്കാലിക വൈദ്യുതി കണക്ഷൻ എടുത്തിരുന്നു. നിർമാണം പൂർത്തിയായതോടെ, ഗാർഹിക കണക്ഷനായി സ്ഥിരപ്പെടുത്തി കിട്ടുന്നതിന് ഒരുമാസംമുമ്പ് അപേക്ഷ നൽകി. കഴിഞ്ഞദിവസം കുറവിലങ്ങാട് സെക്ഷൻ ഓഫീസിലെത്തിയപ്പോൾ രാജേന്ദ്രൻ 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ വീട്ടുടമ വിജിലൻസിനെ ബന്ധപ്പെട്ടു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വീട്ടുടമ തുക നൽകാമെന്ന് സമ്മതിച്ചു. വിജിലൻസ് രാസവസ്തു പുരട്ടി നൽകിയ പണവും കരുതിവെച്ചു. ബുധനാഴ്ച രാവിലെ വിജിലൻസ് സംഘം വീട് നിർമാണത്തൊഴിലാളികളുടെ വേഷത്തിൽ സ്ഥലത്തെത്തി. പരിശോധനയ്ക്ക് എന്ന പേരിലെത്തിയ രാജേന്ദ്രൻ, കൈക്കൂലി വാങ്ങി പോകാൻ ഒരുങ്ങുമ്പോൾ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.