യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണപുതുക്കി ലോകമാകെ ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാണ് ദേവാലയങ്ങളിൽ പ്രാർഥനകൾ നടക്കുന്നത്.
സംസ്ഥാനത്തെ ദേവാലയങ്ങളിൽ വിശ്വാസികൾ ഇല്ലാതെ തന്നെ പുരോഹിതർ ദുഃഖവെള്ളി ശുശ്രൂഷകൾ നടത്തി. പലയിടത്തും വിശ്വാസികൾക്ക് വീടുകളിൽ ഇരുന്ന് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ഓണ്‍ലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. വീടുകളിൽ പ്രാർഥനാപൂർവം വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തീർഥാടന കേന്ദ്രങ്ങളിലും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മലയാറ്റൂർ, വാഗമണ്‍, വല്യച്ചൻമല തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലൊന്നും ഇത്തവണ വിശ്വാസികൾ എത്തിയില്ല.