ഗുജറാത്തിലെ ഉനയില്‍ 2016ല്‍ ദളിതര്‍ക്ക് നേരെ നടന്ന ആക്രമണത്തെ അനുസ്മരിക്കുന്ന അതിക്രമം ഉത്തര്‍പ്രദേശിലും. പശു സംരക്ഷകരാണ് ഏഴ് ദളിതരെ ഗുജറാത്തില്‍ ആക്രമിച്ചതെങ്കില്‍ ഉത്തര്‍പ്രദേശില്‍ ദളിതര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് സവര്‍ണ ജാതിക്കാരുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് മോഷണക്കുറ്റം ആരോപിക്കപ്പെട്ട മൂന്ന് പേരെയും അവരെ മര്‍ദ്ദിച്ച രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലക്‌നൗയ്ക്ക് സമീപം ബറൗളി കലീദബാദിലാണ് സംഭവം

ഈമാസം നാലാം തീയതിയായിരുന്നു സംഭവം. ഒരു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളും രണ്ട് ദളിതരെയുമാണ് ആക്രമിച്ചത്. ഒരു ബ്രാഹ്മണന്റെ വീട്ടില്‍നിന്ന് ഫാന്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടതെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഫാന്‍ മോഷ്ടിക്കുമ്ബോള്‍ പിടിച്ചുവെന്ന് പറഞ്ഞ് വീട്ടുകാര്‍ ആളുകളെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ മൂന്നുപേരെയും മര്‍ദ്ദിച്ചതിന് ശേഷം തലമൊട്ടയടിപ്പിച്ച്‌ കഴുത്തില്‍ ചെരുപ്പ് മാലയണിയിച്ച്‌ തെരുവിലൂടെ നടത്തുകയായിരുന്നു. ഇവരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ ആക്‌ട് അനുസരിച്ച്‌ കേസെടുത്തുവെന്ന് പൊലീസ് പറഞ്ഞു.

ഗുജറാത്തിലെ ഉനയില്‍ നടന്ന സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഉത്തര്‍പ്രദേശില്‍ നടന്നതെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ 17 കാരനായ ദളിത് യുവാവിനെ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്ന് ആരോപിച്ച്‌ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.