തിരുവല്ല: പാലിയേക്കര ബസേലിയന് കോണ്‍വെന്റിലെ സന്യാസ അര്‍ഥിനി ദിവ്യ പി. ജോണിന്റെ മരണത്തില്‍ കഥകള്‍ മെനഞ്ഞു സഭയേയും സന്യാസത്തേയും, മരിച്ചുപോയ സന്യാസാര്‍ഥിനിയെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനും അന്വേഷണത്തെ വഴിതിരിച്ചു വിടാനും ശ്രമിക്കുന്നവര്‍ അതില്‍നിന്ന് പിന്മാറണമെന്ന് തിരുവല്ല അതിരൂപത.
മെയ് 7 ന് ഉച്ചയോടെ കോണ്‍വെന്റിലെ കിണറ്റില്‍ വീണതായി കാണപ്പെട്ട ദിവ്യയെ കോണ്‍വെന്റ് അധികൃതര്‍ അറിയിച്ചതനുസരിച്ചു ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി കരയ്ക്കു എത്തിക്കുകയും ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തെങ്കിലും പരിശോധനയില്‍ മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ദിവ്യയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസ് സെര്‍ജെന്റ് മേല്‍നോട്ടത്തില്‍ പോസ്റ്റ് മോര്‍ടെം നടത്തുകയും മെയ് 9 ന് ചുങ്കപ്പാറ സെന്റ് ജോര്‍ജ് ഇടവകയില്‍ അഭിവന്ദ്യ ആര്‍ച്ചു ബിഷപ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ ക്ളോസ്ഡൗണ് മാനദണ്ഡങ്ങള്‍ പാലിച്ചു സംസ്കരിക്കുകയും ചെയ്തു.
ദിവ്യയുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും അതിരൂപതയുടെ അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു. ആകസ്മിക നിര്യാണത്തില്‍ തിരുവല്ല അതിരൂപത നടുക്കവും ദുഖവും രേഖപ്പെടുത്തി.
ദിവ്യയുടെ മരണത്തെ സംബന്ധിച്ച് നടക്കുന്ന പോലീസ് അന്വേഷണം ഏറ്റം കാര്യക്ഷമമായി നടക്കുന്നതിനാവശ്യമായ എല്ലാ സഹകരണവും പിന്തുണയും സഭ നല്‍കുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. സിസ്റ്റേഴ്സ്ന് ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനാ സഹായവും പിന്തുണയും പ്രഖ്യാപിച്ച സഭ കോണ്‍വെന്റുകളില്‍ പഠിക്കുകയും സമര്‍പ്പിത ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുകയും ചെയ്യുന്ന എല്ലാ അംഗങ്ങളും സഭയുടെ വിലപ്പെട്ട മക്കളാണെന്നും അറിയിച്ചു. സമൂഹത്തിനുവേണ്ടിയുള്ള സഭയുടെ ശുശ്രൂഷകളില്‍ മുഖ്യപങ്കും അവരിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. അവരുടെ സുരക്ഷിതത്വവും സുസ്ഥിതിയും ഉറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും എപ്പോഴും പ്രതിജ്ഞാബദ്ധരാണ്, പത്രക്കുറിപ്പില്‍ പറഞ്ഞു.