തിരുവനന്തപുരം: ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്നവര്‍ പരിശോധനാ സംവിധാനത്തെ കബളിപ്പിക്കുന്ന രീതി കണ്ടുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരക്കാര്‍ പരിശോധനാ സംവിധാനത്തെയല്ല തോല്പിക്കുന്നതെന്നും സ്വന്തം സഹോദരങ്ങളെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങിയ ചിലര്‍ സ്റ്റേഷനുകളില്‍ തങ്ങുകയും തുടര്‍ന്ന് മറ്റൊരു ട്രെയിനില്‍ കയറി സ്വന്തം നാട്ടിലെത്തുകയും ചെയ്യുന്ന സംഭവമുണ്ടായിട്ടുണ്ട്. പരിശോധകരുടെ കണ്ണുവെട്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് കൊല്ലത്ത് വന്നിറങ്ങിയ ചിലര്‍ ഇത്തരത്തില്‍ ദീര്‍ഘദൂര ട്രെയിനില്‍ വന്നവരായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇതുണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് ഇത്തരം ആളുകള്‍ മനസിലാക്കേണ്ടത്. ഇവര്‍ തോല്പിക്കുന്നത് പരിശോധനാ സംവിധാനത്തെയല്ല, സ്വന്തം സഹോദരങ്ങളെത്തന്നെയാണ്. ഇവരില്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടെങ്കില്‍ സമൂഹത്തിന് വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. ഇത്തരം നടപടികള്‍ ഒരുതരത്തിലും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗളൂരുവില്‍നിന്നെത്തിയ പത്തനംതിട്ട സ്വദേശിനി യാത്രയുടെ കാര്യം മറച്ചുവെച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. പിന്നീടാണ് യാത്രയുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ അറിയുന്നത്. ഇതോടെ ആശുപത്രി ഒന്നടങ്കം പ്രതിസന്ധിലായി. ഉന്നത വിദ്യാഭ്യാസമുള്ളവരായിട്ടും ഇത്തരത്തില്‍ പെരുമാറുന്നത് സമൂഹത്തിന്റെ പൊതുവായ കരുതലിനെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.