കുന്നംകുളം: ദുബായില്‍ വെച്ച്‌ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളിക്ക്‌ 4.14 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ചേലക്കര സ്വദേശിയായ ലത്തീഫിന്‌ ഇന്‍ഷൂറന്‍സ്‌ തുക നല്‍കാന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടത്‌.

കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായി വീല്‍ച്ചെയറിലാണ്‌ ലത്തീഫിന്റെ ജീവിതം. 2019 ജനുവരിയില്‍ ജബല്‍അലിക്ക്‌ സമീപം വെച്ചായിരുന്നു അപകടം. കോണ്‍ക്രീറ്റ്‌ മിക്‌സിങ്‌ യൂണിറ്റില്‍ സൈറ്റ്‌ ടെക്‌നീഷ്യനായി ജോലി ചെയ്‌തു വരികയായിരുന്നു. കെട്ടിട നിര്‍മാണ സ്ഥലത്തേക്ക്‌ കോണ്‍ക്രീറ്റ്‌ നിറച്ച ലോറിയില്‍ സഞ്ചരിക്കവെ വാഹനം മറിഞ്ഞായിരുന്നു അപകടം.

ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിച്ചതായിരുന്നു അപകടകാരണം. അപകടത്തില്‍ സുഷുമ്‌ന നാഡിക്കേറ്റ തകരാര്‍ മൂലം ശരീരം തളര്‍ന്ന നിലയിലായി പിന്നീടുള്ള ലത്തീഫിന്റെ ജീവിതം. നാട്ടിലേക്ക്‌ എത്തിച്ച ലത്തീഫിനെ ആദ്യം വെല്ലൂര്‍ മെഡിക്കല്‍ കോളെജിലേക്കും പിന്നീട്‌ തിരൂര്‍ സിഎസ്‌ഐ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിന്‌ കാരണക്കാരനായ ഡ്രൈവര്‍ പിഴയടച്ച്‌ കുറ്റവിമുക്തനായി. ഈ വിവരം അറിഞ്ഞതോടെ ലത്തീഫ്‌ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.