ബിജു കെ തോമസ്
നമ്മുടെ മൂവാറ്റുപുഴയിൽ നാളെയൊരിയ്ക്കൽ അഭിമുഖീകരിക്കേണ്ടി വരുവാൻ ഏറെ സാദ്ധ്യതയുണ്ടെന്നു കരുതുന്ന ഒരു മഹാദുരന്തത്തെക്കുറിച്ചും, മുൻകൂട്ടിത്തന്നെ അതിന് പരിഹാരമുണ്ടാക്കേണ്ടതിൻ്റെ അത്യാവശ്യകതയെക്കുറിച്ചും ആവർത്തിച്ച് സൂചിപ്പിക്കുവാനാണ് ഇതേ വിഷയത്തെക്കുറിച്ച് വീണ്ടും ഒരു കുറിപ്പ്.

മൂവാറ്റുപുഴയാറിൽ വാളകം പഞ്ചായത്തിലെ റാക്കാട് ഭാഗത്തെയും, മാറാടി പഞ്ചായത്തിലെ കായനാട് ഭാഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതരത്തിൽ ഒരു ‘തടയണ’ അഥവാ ‘ചെക്ക് ഡാം’ സ്ഥിതിചെയ്യുന്ന വിവരം അറിവുള്ളതായിരിക്കുമെന്ന് കരുതുന്നു. മൂവാറ്റുപുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തിനാവശ്യമായ ജലലഭ്യതയ്ക്ക് വേനൽക്കാലങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന ഘട്ടത്തിൽ നിർമ്മിക്കേണ്ടിവന്ന ഒന്നാണല്ലോ ഈ ‘ചെക്ക് ഡാം’ .
ഇതിൻ്റെ നിർമ്മാണശേഷം നാളിതുവരെ, ഈ നദിയിലെ ത്രിവേണീസംഗമം മുതൽ ‘ചെക്ക് ഡാം’ വരെയുള്ള ഭാഗത്ത് വിവിധ വിധങ്ങളിൽ നദിയെ ആശ്രയിച്ച്, ഉപയോഗിച്ചിരുന്ന ജനങ്ങളെസംബന്ധിച്ച് ഈ നദി, സ്വാഭാവികമായ അടിയൊഴുക്ക് നഷ്ടപ്പെട്ട ‘മാലിന്യക്കുള’മായി മാറിയിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. മാലിന്യരഹിതമായ മണൽനിറഞ്ഞ അടിത്തട്ടോടുകൂടി സുന്ദരമായിരുന്നതും നിരവധി ജനങ്ങൾ നിത്യേനയെത്തി ഉപയോഗിച്ചുവന്നിരുന്നതുമായ, ഇത്രയും ഭാഗത്തെ ഏതാണ്ട് എല്ലാ കടവുകളുംതന്നെ ഇപ്പോൾ, എക്കൽ അടിഞ്ഞ് വൃത്തിഹീനമായി, കാട് കയറിയ നിലയിലാണ് കാണപ്പെടുന്നത്.
ഏറെ സങ്കടകരമായ വസ്തുത മറ്റൊന്നാണ്. മേൽ സൂചിപ്പിക്കപ്പെട്ട ഈ ‘മാലിന്യകുള’ത്തിലാണ് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കുടിവെള്ളം പമ്പ് ചെയ്തെടുക്കുന്ന ‘കിണർ’ സ്ഥിതിചെയ്യുന്നത്. ത്രിവേണീസംഗമത്തിനുമുകളിലുള്ള മൂന്നുനദികളിലൂടെയും അലിഞ്ഞടിഞ്ഞ് ഒഴുകിയെത്തുന്ന മുഴുവൻ മാലിന്യവും ഈ ഭാഗത്ത് തടഞ്ഞുനിർത്തപ്പെടുകയാണിപ്പോൾ. ഇപ്രകാരം ഒഴുകിയെത്തുന്ന മാലിന്യത്തിൻ്റെ രൂക്ഷത എത്രമാത്രമെന്നതും ഊഹിക്കാവുന്നതേയുള്ളൂ. ഏത് നിമിഷവും പടർന്നുപിടിക്കുവാൻ സാധ്യതയുള്ള, ‘ജലജന്യ മഹാവ്യാഥി’കളുടെ ‘അണ’ കൂടിയാണിവിടെ കെട്ടിനിർത്തപ്പെട്ടിരിക്കുന് നതെന്നുള്ളത്, നിസ്സാരവൽക്കരിക്കാവുന്ന ഒന്നാണെന്ന് കരുതുന്നില്ല. ‘ചെക്ക് ഡാം’ നിർമ്മാണത്തിന് ചുക്കാൻപിടിച്ച ഉദ്യോഗസ്ഥ – ഭരണവൃന്ദത്തിൻ്റെ ദീർഘവീക്ഷണമില്ലായ്മയും കഴിവുകേടും മാത്രമാണ് ഈ ദുരവസ്ഥയ്ക്കു നിദാനമെന്നുവേണം കരുതാൻ. ഇത് അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടത് ഈ നാടിൻ്റെയും ഇവിടുത്തെ ജനങ്ങളുടെയും ആവശ്യകതയാണ്. മഴക്കാലത്തും അവശ്യഘട്ടങ്ങളിലും തുറന്നുവിടുവാൻ കഴിയുന്ന വിധത്തിലുള്ള ഷട്ടർ സംവിധാനത്തോടുകൂടി, റാക്കാട് ‘ചെക്ക് ഡാം’ പുന:ർനിർമ്മിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം. കുടിവെള്ളം പമ്പ് ചെയ്തെടുക്കുന്ന കിണറിൽ ജലദൗർലഭ്യം ഉണ്ടാകാറില്ലാത്ത മഴക്കാലത്ത്, നദിയുടെ സ്വാഭാവിക അടിയൊഴുക്കിന് തടസ്സങ്ങളേതുമുണ്ടാകാത്തവിധം, ഷട്ടറുകൾ തുറന്നിടുവാൻ കഴിയേണ്ടതുണ്ട്.
കാലവർഷം അവസാനിക്കുന്ന മുറയ്ക്ക് ഷട്ടറുകൾ താഴ്ത്തി കുടിവെള്ളം പമ്പ്ചെയ്യുന്ന കിണറിലേയ്ക്ക് വേനൽക്കാല ജലലഭ്യത ഉറപ്പുവരുത്തു ട്കയും ചെയ്യാം. മഴക്കാലത്ത് അടിയൊഴുക്ക് സുഗമമാക്കി നിർത്തുന്നതിലൂടെ ഈ ഭാഗത്തെ നദിയുടെ സ്വാഭാവിക ശുദ്ധീകരണം തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുകയും, അപ്രകാരം നമ്മുടെ പുഴയുടെ പഴയ പ്രതാപം വീണ്ടെടുക്കുകയും ചെയ്യാവുന്നതാണ്. ബഹു. നമ്മുടെ എം പി അടക്കമുള്ള ജനപ്രതിനിധികളെയും, ജില്ലാ ഭരണ സംവിധാനത്തെയും ബന്ധപ്പെട്ട മറ്റെല്ലാ പ്രാദേശിക ഭരണ സംവിധാനങ്ങളെയും കോർത്തിണക്കിക്കൊണ്ട് തന്നെ ബഹു: മൂവാറ്റുപുഴ എം എൽ എ യുടെ നേതൃത്വത്തിൽ, സംസ്ഥാന ഗവൺമെൻ്റുമായി ബന്ധപ്പെട്ട്, വിഷയ പരിഹാരത്തിന് ഉതകുംവിധമുള്ള ഭരണനടപടികൾക്കായി , ആത്മാർത്ഥമായ പരിശ്രമമുണ്ടാകണമെന്ന് ഒരിക്കൽക്കൂടി, ശുഭപ്രതീക്ഷയോടെ അഭ്യർത്ഥിക്കുന്നു.