ഏറ്റുമാനൂര്‍: ദുരിതാശ്വാസ ക്യാംപില്‍ എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊവിഡ്. ഇതോടെ ക്യാംപില്‍ കഴിഞ്ഞ 11 പേര്‍ ഉള്‍പ്പെടെ 22 പേരെ നിരീക്ഷണത്തിലാക്കി. ഏറ്റുമാനൂര്‍ നഗരസഭ പതിനൊന്നാം വാര്‍ഡിലെ മാടപ്പാട് ശിശുവിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ദുരിതാശ്വാസ ക്യാംപ് ഇതോടെ അടപ്പിച്ചു. ക്യാംപില്‍ ഉണ്ടായിരുന്നവരെ കാരിത്താസിലെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

ക്യാംപില്‍ കഴിഞ്ഞിരുന്ന നാല് കുടുംബങ്ങളിലെ 11 പേരും ഡ്യൂട്ടിക്കെത്തിയ ഏറ്റുമാനൂര്‍ വില്ലേജ് ഓഫിസിലെ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ അഞ്ചു പേരും കോട്ടയം താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ രണ്ടു പേരും വെട്ടിമുകള്‍ സ്വദേശികളായ രണ്ട് അധ്യാപകരും ഏറ്റുമാനൂര്‍ പൊലിസ് സ്‌റ്റേഷനിലെ രണ്ട് സിവില്‍ പൊലിസ് ഓഫിസര്‍മാരുമാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്.

ദുരിതാശ്വാസ ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ വെട്ടിമുകള്‍ സ്വദേശിയായ ചങ്ങനാശ്ശേരി കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റിന് (45) ആണ് കൊവിഡ് പോസിറ്റീവായത്. നേരത്തെ കൊവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ശനിയാഴ്ച രാവിലെയാണ് ക്യാംപില്‍ എത്തിയത്. എന്നാല്‍ കൊവിഡ് പരിശോധനയ്ക്ക് സ്രവം നല്‍കിയ വിവരം മറച്ചുവച്ചാണ് ദുരിതാശ്വാസ ക്യാംപില്‍ ഡ്യൂട്ടിക്ക് എത്തിയതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.