ദുബൈ: മൂന്നു ഘട്ടമായി ദുബൈയിലെ എല്ലാ പാര്‍ക്കുകളും പൂര്‍ണമായി തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി. ആദ്യ ഘട്ടമായി മേയ് 12 മുതല്‍ ചില പാര്‍ക്കുകള്‍ നിയന്ത്രണങ്ങളോടെ തുറന്നിരുന്നു. തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന രണ്ടം ഘട്ടത്തില്‍ കൂടുതല്‍ പാര്‍ക്കുകള്‍ തുറന്നുകൊടുക്കാനാണ് തീരുമാനമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു. 12ന് തുടങ്ങിയ ആദ്യ ഘട്ടത്തില്‍ പാര്‍ക്കുകളിലെ നടപ്പാതകളും ഫാമിലി സ്ക്വയറുകളും മാത്രമാണ് തുറന്നത്. സബീല്‍, അല്‍സഫ, അല്‍ ബര്‍ഷ സൗത്ത്, അല്‍ സുഫോ, അല്‍ മന്‍ഖൂല്‍, അല്‍ ലിസിലീ, നദ അല്‍ ഷെബ, അല്‍ ത്വാര്‍ 2,3, മോസ്ക് പാര്‍ക്ക്, അല്‍ മിസ്ഹര് -1, 2, 4, അല്‍ ഖിസൈസ് -2,3, നദ് അല്‍ ഹംറ്, അല്‍ വര്‍ഖ 2 തുടങ്ങിയവയാണ് തുറന്നിരുന്നത്. 72 ഫാമിലി സ്ക്വയറുകളും തുറന്നിരുന്നു.
തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ 70 പാര്‍ക്കുകള്‍ തുറക്കും. പോണ്ട് പാര്‍ക്കുകള്‍, മിറക്ള്‍ കേവ്, ഖുര്‍ആനിക് പാര്‍ക്കിലെ ഗ്ലാസ് ഹൗസ് തുടങ്ങിയവ തുറന്നുകൊടുക്കും.
25 മുതല്‍ തുടങ്ങുന്ന മൂന്നാം ഘട്ടത്തില്‍ മുഷ്രിഫ്, അല്‍ മംസാര്‍, അല്‍ ഖോര്‍, സബീല്‍, അല്‍ സഫ പാര്‍ക്ക് തുടങ്ങിയവയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. പാര്‍ക്കുകള്‍ തുറക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും. ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കുണ്ടാവും. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കര്‍ശനമായ മുന്‍കരുതല്‍ വ്യവസ്ഥകള്‍ പാലിക്കണമെന്ന വ്യവസ്ഥയിലാണ് പാര്‍ക്കുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനാല്‍ വിവിധ ഗുണങ്ങളാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ മാറ്റംവരുത്താന്‍ കഴിയും. ഘട്ടമായി തുറക്കുന്നതുമൂലം വൈറസ് വ്യാപനത്തിെന്റ സാധ്യത കുറക്കാന്‍ കഴിയും. പൂര്‍ണമായും അണുമുക്തമാക്കിയ ശേഷമാണ് പാര്‍ക്കുകള്‍ തുറന്നുകൊടുക്കുന്നത്. മാളുകളും വ്യാപാര സ്ഥാപനങ്ങളും പൊതുഗതാഗതവും തുറന്നതിനു പിന്നാലെ പാര്‍ക്കുകളും തുറക്കുന്നേതോടെ ദുബൈയില്‍ ജനജീവിതം സാധാരണനിലയിലേക്ക് മാറുകയാണ്.