ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്ന മറ്റ് ടി20 ലീഗുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി റോബിന്‍ ഉത്തപ്പ. നേരത്തെ ഇര്‍ഫാന്‍ പഠാനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സുരേഷ് റെയ്നയും ബിസിസിഐയോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് റോബിന്‍ ഉത്തപ്പയും രംഗത്തെത്തിയിരിക്കുന്നത്.
ബിസിസിഐയുമായി കരാറുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ നിലവില്‍ അനുവാദമില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പുറമെ ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗും വെസ്റ്റ് ഇന്‍ഡീസിന്റെ കരീബിയന്‍ പ്രീമിയര്‍ ലീഗും, ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ബ്ലാസ്റ്റും ന്യൂസിലന്‍ഡിന്റെ സൂപ്പര്‍ സ്മാഷും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗുമാണ് മറ്റ് പ്രധാനപ്പെട്ട ലീഗുകള്‍.
എന്നാല്‍ ഈ ലീഗുകളിലൊന്നും കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതിയില്ല. ഐപിഎല്ലില്‍ നിന്നും വിരമിക്കുന്ന താരങ്ങള്‍ക്ക് നിലവില്‍ കാനഡയിലെ ജിടി20 ലീഗിലും ആബുദാബി ടി10 ലീഗിലും മാത്രമാണ് നിലവില്‍ കളിക്കാന്‍ സാധിക്കുക.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയുടെ താരമായിരുന്ന റോബിന്‍ ഉത്തപ്പ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്. മൂന്ന് കോടി രൂപയ്ക്കാണ് പാതി മലയാളി കൂടിയായ ഈ കര്‍ണാടക താരത്തെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്.
“ഞങ്ങളെ പോകാന്‍ അനുവദിക്കണം, അവിടെ പോയോക്കെ കളിക്കാന്‍ സാധിക്കാത്തത് ശരിക്കും വിഷമമുണ്ടാക്കുന്നുണ്ട്. ഒരു ക്രിക്കറ്റ് വിദ്യാര്‍ഥി എന്ന നിലയ്ക്ക് കൂടുതല്‍ പഠിക്കാനും വളരാനും ഒന്നിലധികം ലീഗുകള്‍ കളിക്കുന്നത് സഹായകമാകും,” റോബിന്‍ ഉത്തപ്പ പറഞ്ഞു.
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വളരെ പുരോഗമനപരമായ ചിന്തിക്കുന്ന ആളാണെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ എപ്പോഴും അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്ന ആളാണെന്നും പറഞ്ഞ റോബിന്‍ ഉത്തപ്പ ഗാംഗുലിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.