പ്രായപരിധിയില്ലാതെ എല്ലാ വിശ്വാസികള്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവ. 65 വയസ് കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. വിശുദ്ധകുര്‍ബാന കൊള്ളാന്‍ പ്രായമേറിയവര്‍ക്ക് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി 65 വയസ് കഴിഞ്ഞവരും പത്ത് വയസില്‍ താഴെയുളളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങളും ഉളളവര്‍ വീടുകളില്‍ കഴിയണമെന്നാണ് കേന്ദ്ര നിര്‍ദേശമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ആരാധനാലയങ്ങള്‍ തുറക്കുമ്ബോഴും ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്നലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മാര്‍ ക്ലിമ്മീസിന്റെ വാക്കുകള്‍.
ദൈവാരാധന വിശ്വാസിക്ക് മാറ്റിവയ്ക്കാനാകാത്തതാണ്. അവര്‍ക്കും ഒരിടം നല്‍കേണ്ടതാണ്. 65 കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തത് ശരിയല്ല. കൊവിഡ് 19 കാരണം വന്ന നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിച്ചവരാണ് വിശ്വാസികള്‍. വിശുദ്ധകുര്‍ബാന നാവില്‍ നല്‍കുന്നതിന് പകരം കയ്യില്‍ നല്‍കി. ദേവാലയങ്ങളില്‍ വിശ്വാസികള്‍ക്കേകുന്ന അനിവാര്യ ശുശ്രൂഷകള്‍പോലും ഒഴിവാക്കി.
സഭയുടെ നിലപാടുകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. രോഗവ്യാപനം തടയാനുള്ള എല്ലാമുന്‍കരുതലുകളും ദേവാലയങ്ങള്‍ ഒരുക്കുമെന്നും കാതോലിക്കബാവ പറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവിടെ ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി പറഞ്ഞു.
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല. പ്രസാദവിതരണവും തീര്‍ത്ഥജലം തളിക്കലും പാടില്ല. സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ മാസ്ക്ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. ചുമയ്ക്കുമ്ബോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കില്‍ അത് ശരിയായി നിര്‍മ്മാര്‍ജനം ചെയ്യണം. രോഗലക്ഷണമുള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്.
ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്‍റുകളുണ്ടാവണം. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകള്‍ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം എന്നിങ്ങനെ നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് ആരാധനാലയങ്ങള്‍ തുറക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.