തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ഹ്രസ്വദൂര സര്‍വീസുകള്‍ ആരംഭിച്ചു. ഇന്നലെ തിരുവനന്തപുരം സോണില്‍ 635 ബസുകളാണ് സര്‍വീസ് നടത്തിയത്. ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തിയത് നെയ്യാറ്റിന്‍കരയാണ്, 39 എണ്ണം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് സര്‍വീസ് നടത്തുന്നത്. ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെ മാത്രമേ സഞ്ചരിക്കാന്‍ അനുവദിക്കു. ടിക്കറ്റ് പുതിയ നിരക്കിലാണ് ഈടാക്കുന്നത്. ബസിന്റെ പുറകുവശത്തെ വാതിലിലൂടെ മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുകയുള്ളു. മുന്‍വാതിലൂടെ പുറത്തിറങ്ങണം. തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും. കെഎസ്‌ആര്‍ടിസിയുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡിന്റെ ട്രയല്‍ റണ്ണും ഇന്നലെ ആരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്. വിജയകരമായാല്‍ സംസ്ഥാന വ്യാപകമാക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ ലക്ഷ്യം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ ശുചിയാക്കിയ ശേഷമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. ഓര്‍ഡിനറിയായി മാത്രമേ ബസുകള്‍ സര്‍വീസ് നടത്തുകയുള്ളു.

ഒരു മണിക്കൂര്‍ നേരത്തെ സര്‍വീസ്

നിര്‍ദ്ദേശം ലംഘിച്ച്‌ കെഎസ്‌ആര്‍ടിസി സര്‍വീസ്. ഇന്നലെ സംസ്ഥാനത്ത് വിവിധ ഡിപ്പോകളില്‍ നിന്നും നിര്‍ദ്ദേശിച്ചിരുന്ന സമയത്തില്‍ നിന്നും വ്യത്യസ്തമായാണ് സര്‍വീസുകള്‍ നടത്തിയത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയാണ് സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ചിലയിടങ്ങളില്‍ ഏഴുമണിക്ക് മുമ്ബുതന്നെ ബസുകള്‍ സര്‍വീസ് നടത്തി. മാത്രമല്ല വൈകിട്ട് ഏഴിന് അവസാനിപ്പിക്കേണ്ട സര്‍വീസുകള്‍ രാത്രി എട്ടുമണിവരെ നീണ്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട കെഎസ്‌ആര്‍ടിസി എംഡി യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് മെമ്മോ നല്‍കി. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി സര്‍വീസ് നടത്തിയത് ചട്ടലംഘനമാണെന്നും ഇത്തരം യൂണിറ്റ് ഓഫീസര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് മെമ്മോയിലുള്ളത്. അതിനാല്‍ എല്ലാ യൂണിറ്റ് ഓഫീസര്‍മാരും അവരവരുടെ സോണിലുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മാത്രമേ സര്‍വീസ് നടത്താവൂ എന്നും ഇനിയൊരു ഓര്‍മപ്പെടുത്തല്‍ ഉണ്ടാകില്ലെന്നും മെമ്മോയില്‍ പറയുന്നു. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.