കൊച്ചി | സ്വന്തം നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹ്ന മനോജിനെ
അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റിനായി പോലീസ് കൊച്ചിയിലെ വീട്ടിലെത്തിയെങ്കിലും രഹ്ന സ്ഥലത്തുണ്ടായിരുന്നില്ല. അഭിഭാഷകന്‍ എ വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രഹ്നക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തിരുന്നു. കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌ന പ്രദര്‍ശിപ്പിക്കുക കൂടി ചെയ്തതിനാല്‍ പോക്‌സോ നിയമപ്രകാരം രഹ്നക്കെതിരെ നടപടി വേണമെന്നും സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്ബില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതും, അത് പകര്‍ത്തി പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നത് മുന്‍നിര്‍ത്തിയാണ് ബാലാവകാശ കമ്മീഷന്‍ നടപടി.
സ്ത്രീയുടെ ശരീരത്തെ കെട്ടുകാഴ്ചയാക്കുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്ന് കാണാന്‍ ശ്രമിക്കുന്നത് തുറന്ന് കാട്ടേണ്ടത് ആവശ്യമാണെന്നും അതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും വീഡിയോടൊപ്പം നല്‍കിയ കുറിപ്പില്‍ രഹ്ന വിശദീകരിച്ചിരുന്നു. ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടിനു കീഴിലാണ് രഹ്ന ഇങ്ങനെ രേഖപ്പെടുത്തിയത്.