കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിന്‍ ലാല്‍ ആണ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ വഴിയും, കത്ത് അയച്ചുമായിരുന്നു ഭീഷണിയെന്നാണ് വിപിന്‍ലാല്‍ പറയുന്നത്.
വിപിന്‍ ലാലിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. ആരെയും പ്രതിയാക്കാതെയാണ് കേസ് എടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
വിപിന്‍ ലാലാണ് നേരത്തെ ജയിലില്‍ വച്ച് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി അടക്കമുളളവര്‍ക്ക് വേണ്ടി പണം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതാന്‍ സഹായിച്ചത്. കൃത്യം നടത്തി കഴിഞ്ഞെന്നും അതിനുളള പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് വലിയ വിവാദമായിരുന്നു.
മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് നിയമവിദ്യാര്‍ത്ഥിയായ വിപിന്‍ലാല്‍ അന്ന് ജയിലിലുണ്ടായിരുന്നത്. കത്തുപുറത്തു വന്നതിന് പിന്നാലെ വിപിന്‍ലാലിനെ കേസില്‍ ആദ്യം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു. കേസില്‍ സാക്ഷി മൊഴി നല്‍കാനുള്ള തീയതി അടുത്തുവരുന്നതിനിടെയാണ് വിപിന്‍ലാലിന് തുടര്‍ച്ചയായി ഭീഷണിസന്ദേശങ്ങള്‍ ലഭിക്കുന്നത്. നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ നടക്കുകയാണ്.