രാജ്യത്ത് നവംബറോടെ കോവിഡ് കൂടുതല്‍ പേരെ ബാധിക്കുമെന്ന് ഐസിഎംആര്‍ നിയോഗിച്ച ഗവേഷണസംഘത്തിന്റെ പഠനം. അടച്ചുപൂട്ടല്‍ രോഗവ്യാപനം വൈകിപ്പിക്കുകയും കുറക്കുകയും ചെയ്തു എന്നാണ് കണ്ടെത്തല്‍. രാജ്യത്ത് കോവിഡ് മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഐസിഎംആര്‍ നിയോഗിച്ച ഓപറേഷന്‍സ് റിസര്‍ച്ച്‌ ഗ്രൂപ്പിന്റെതാണ് പഠന റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ് പാരമ്യത്തിലെത്താന്‍ അഞ്ച് മാസം എടുക്കുമെന്നാണ് കണ്ടെത്തല്‍. അടച്ചുപൂട്ടല്‍ കോവിഡ് പാരമ്യത്തില്‍ എത്തുന്നത് 76 ദിവസം വരെ വൈകിപ്പിക്കുകയും രോഗവ്യാപനം 97% വരെ കുറക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍. എന്നാല്‍ വരും മാസങ്ങളില്‍ വെന്റിലേറ്റര്‍, ഐസിയു, കിടക്കകള്‍ എന്നിവയുടെ കുറവ് നേരിടുമെന്ന് പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.