കണ്ണൂർ:ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും സുഖമുള്ള സ്ഥലം കേരളമാണെങ്കിലും നിക്ഷേപത്തിനും തൊഴിലെടുക്കാനും ഇവിടം അനുയോജ്യമാണോ എന്നത് സംശയമാണെന്ന് കളക്ടർ അരുൺ കെ. വിജയൻ. കണ്ണൂർ നഗരവികസനവുമായി ബന്ധപ്പെട്ട് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ബൃഹദ് പദ്ധതി അവതരണ ശില്പശാലയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കളക്ടർ.
ബൃഹദ് പദ്ധതി ഉണ്ടാക്കിയതുകൊണ്ട് മാറ്റങ്ങൾ ഉണ്ടാകില്ല. അതിന് ദീർഘവീക്ഷണമുള്ള പദ്ധതിനിർവഹണവിഭാഗവും ഉണ്ടാകണം. രാത്രി ഒൻപത് കഴിഞ്ഞാൽ വിളക്കണയുന്ന നാടാണ് നമ്മുടേത്. പകൽ ജോലിചെയ്ത് രാത്രിയിലും ഉണർന്നിരിക്കുന്ന നഗരവും സമൂഹമാണ് നമുക്കുവേണ്ടത്. പുറത്തുനിന്നുള്ളവർ കെട്ടിയിറക്കുന്ന പദ്ധതികളല്ല നാടിന് ആവശ്യം. നാട്ടിൽ ജനിച്ച് വളർന്നവർ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് ദീർഘവീക്ഷണത്തോടെ തയ്യാറാക്കുന്ന പദ്ധതികളാണ് ഗുണം ചെയ്യുകയെന്നും അരുൺ കെ. വിജയൻ പറഞ്ഞു.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേഷമകുമാർ അധ്യക്ഷനായിരുന്നു. എൻ.എം.സി.സി. ഡയറക്ടർ ആഷിക് മാമൂ നഗരത്തിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബൃഹദ് പദ്ധതി അവതരിപ്പിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ, കെ.വി. സുമേഷ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, എൻ.എം.സി.സി. സെക്രട്ടറി സി. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി എ.കെ. റഫീഖ്, ചേംബർ വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ഛ, ട്രഷറർ നാരായണൻകുട്ടി, മുൻ പ്രസിഡന്റ് വിനോദ് നാരായണൻ, ചേംബർ ഡയറക്ടർമാരായ ദിനേശ് ആലിങ്ങൾ, ഇ.കെ. അജിത്കുമാർ എന്നിവർ സംസാരിച്ചു.